കോഴിക്കോട്: ജമ്മു കശ്മീരിലെ കാർഗിലിലുണ്ടായ സൈനിക വാഹനാപകടത്തിൽ വീരമൃത്യു വരിച്ച കോഴിക്കോട് ചേളന്നൂർ സ്വദേശി എസ്.ആർ. അരുൺ രാജിന്റെ ഭൗതികശരീരം ഇന്ന് അർധരാത്രിയോടെ നാട്ടിലെത്തിക്കും. ചേളന്നൂർ പെരുംപൊയിലിലെ കാർത്തിക വീട്ടിൽ നാളെ രാവിലെ എട്ടുമണിവരെ പൊതുദർശനമുണ്ടാകും. തുടർന്ന് എട്ടുമണിയോടെ വീട്ടുവളപ്പിൽ പൂർണ സൈനിക ബഹുമതികളോടെ സംസ്കാരം നടത്തും.
കാർഗിലിൽ സൈനിക വാഹനം താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിലാണ് അരുൺ രാജ് വീരമൃത്യു വരിച്ചത്. ബുധനാഴ്ച ഉച്ചയോടെയുണ്ടായ അപകടത്തിൽ അരുൺ രാജിനൊപ്പം മറ്റൊരു സൈനികനും ജീവൻ നഷ്ടപ്പെട്ടിരുന്നു. മദ്രാസ് എൻജിനീയറിങ് ഗ്രൂപ്പിൽ ഹവിൽദാറായിരുന്ന അരുൺ രാജ് 21 വർഷമായി സൈനിക സേവനത്തിലായിരുന്നു.
കഴിഞ്ഞ ഓണത്തിന് തൊട്ടുമുമ്പാണ് അരുൺ രാജ് അവസാനമായി നാട്ടിലെത്തിയത്. നവംബർ മൂന്നിനായിരുന്നു അദ്ദേഹത്തിന്റെ നാൽപ്പതാം പിറന്നാൾ. തൊട്ടടുത്ത ദിവസമാണ് വീരമൃത്യു വരിച്ചത്. ഗുരുവായൂരപ്പൻ കോളേജിലെ ബിരുദപഠനത്തിനിടെയാണ് അരുൺ രാജ് സൈനിക സേവനത്തിലേക്ക് കടന്നത്.
ഭാര്യ രേഷ്മയും കേന്ദ്രീയ വിദ്യാലയത്തിൽ ഒന്നാം ക്ലാസിൽ പഠിക്കുന്ന മകൾ ആദ്യയുമാണ് അരുൺ രാജിന്റെ കുടുംബം. ഏക മകളായ ആദ്യയുടെ പിതാവിന്റെ വിയോഗം ചേളന്നൂരിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.




