Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

17കാരന്റെ മുൻവൈരാ​ഗ്യത്തിന്റെ കാരണം വേറെ, തന്ത്രങ്ങൾ ഒരുക്കിയത് ഉമർ, പൊളിച്ചത് കാമുകിയും! ശ്രീകാര്യം കൊലപാതകത്തിൽ നടന്നത് ഞെട്ടിക്കുന്ന പ്ലാനിങ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച സംഭവമാണ് തിരുവനന്തപുരം ശ്രീകാര്യത്തെ 17കാരൻ അഭിറാമിന്റെ കൊലപാതകം. കൊന്നതും കൊല്ലപ്പെട്ടതുമെല്ലാം 17കാർ. കൂട്ടുപ്രതികളിൽ ഉമർ ഒഴിച്ചുള്ളവരും 20 വയസും താഴേയുമുള്ളവർ. എല്ലാവരും തങ്ങൾ ചെയ്ത തെറ്റിന്റെ വ്യാപ്തിയും നിയമത്തിലെ ലൂപ്ഹേളുകളും കൃത്യമായി അറിയാവുന്നവർ… ഇത് തന്നെയാണ് കേസിലെ ഏറ്റവും ഞെട്ടിക്കുന്ന ഭാ​ഗവും. ഇനി കഥയിലേക്ക് വരാം, ഉമറിന്റെ തന്ത്രം അതിഗംഭീരമായിരുന്നു, പക്ഷേ അതെല്ലാം പൊളിച്ചുകളഞ്ഞത് അവന്റെ തന്നെ കാമുകിയാണ്. കൂട്ടത്തിലെ ഏറ്റവും തന്ത്രശാലിയും സർട്ടിഫൈഡ് ക്രിമിനലുമായിരുന്നു ഉമർ. പാങ്ങപ്പാറ കൊലപാതകത്തിൽ പോലീസ് പ്രതീക്ഷിച്ചതുപോലെ തന്നെ രക്ഷാപഴുത് അതിവിദഗ്ധമായി ഉമർ ഒരുക്കിയിരുന്നു. അന്വേഷണത്തിന്റെ തുടക്കത്തിൽ തന്നെ ആ പഴുത് കണ്ടെത്തി പരിഹരിക്കാനായിരുന്നു പോലീസിന്റെ കഠിനശ്രമം. അതിൽ ആദ്യഘട്ടത്തിൽ തന്നെ ഒരുവിധം വിജയിക്കാനായി. പക്ഷേ, ഉമർ കൂടുതൽ തന്ത്രങ്ങൾ ആവിഷ്‌കരിച്ചിട്ടുണ്ടാകുമോ എന്ന സംശയം പൊലീസിന് ഇല്ലാതില്ല. തന്റെ ഫോൺ പരിശോധിച്ചാൽ രക്ഷപ്പെടാനുള്ള വഴി അഭിഭാഷകന് ലഭിക്കും എന്ന ഉമറിന്റെ അമിത ആത്മവിശ്വാസം ഒരുവേള പൊലീസിനെ കുഴക്കിയിരുന്നു. അതാണ് കാമുകി തന്നെ പൊളിച്ചത്. അത് എന്താണെന്നല്ലേ?

അതിനുമുൻപ് കേസിന്റെ അന്വേഷണ വഴികളിൽ ഒന്നു പോയി നോക്കാം, അന്വേഷണത്തിൽ എത്രത്തോളം പുരോഗതിയുണ്ട് എന്ന് നോക്കാം… അഭിരാമിന്റെ കൊലപാതകത്തിൽ പോലീസിന് ഇനിയും ഒരുപാട് ജോലി ബാക്കിയുണ്ട്. കൊലപാതകത്തിന് കാരണമായ മോട്ടീവ്, ശക്തമായ ആ കാരണം ഇപ്പോഴും പോലീസിനു മുന്നിൽ വെളിവായിട്ടില്ല. പ്രതികൾ പറയുന്ന മൊഴികളിൽ കുറെയധികം കാര്യങ്ങളുണ്ട്, വിശദാംശങ്ങൾ ഉണ്ട്. അഭിരാമിനോടും കൂട്ടുകാരനോടും പ്രതികൾക്ക് പക തോന്നാൻ പലവിധ കാരണങ്ങളും ഉണ്ട്. അതിൽ അഭിരാമിന്റെ കൊലപാതകത്തിൽ കലാശിക്കാൻ തക്കതായി മാറിയ, കൃത്യമായ മോട്ടീവ് എന്താണെന്നാണ് പോലീസ് അന്വേഷിക്കുന്നത്. ഇപ്പോൾ പറയപ്പെടുന്ന, കൂട്ടുകാരനെ വിളിച്ചു വരുത്താൻ വേണ്ടി അഭിറാമിനെ ടൂൾ ആക്കിയെന്നതും അത് നടക്കാതായപ്പോൾ ദേഷ്യത്തിൽ അഭിറാമിനെ കൊന്നെന്നുമുള്ള കഥ അങ്ങനെ തന്നെ പൊലീസ് വിശ്വസിച്ചിട്ടില്ല.

ഈ കേസിന്റെ മുഴുവൻ ചുരുളും അഴിഞ്ഞാൽ മാത്രമേ കോടതിയിൽ പ്രതികളെ കുറ്റക്കാരായി ശക്തമായി നിയമത്തിന് മുന്നിൽ നിർത്താൻ കഴിയുകയുള്ളൂ. കൊല്ലപ്പെട്ട അഭിരാമിനോട് പ്രതികൾക്ക് പക തോന്നാൻ നിലവിൽ ഒട്ടേറെ കാരണങ്ങൾ കുന്നുകൂടിയിട്ടുണ്ട്. അതിലൊന്ന് ഒന്നാം പ്രതിയായ 17-കാരന്റെ കാമുകി അഭിരാമിന്റെ നല്ലൊരു സുഹൃത്തായി മാറിയതാണ്. കൂടാതെ, ഉമറിന്റെയും ഒന്നാം പ്രതിയുടെയും കൂട്ടുകാരിയായ ആനന്ദയുടെ ചില ദൃശ്യങ്ങൾ പുറത്തുവന്നതും മറ്റൊരു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇങ്ങനെ പലതരം വ്യക്തിപരമായ മുൻവൈരാഗ്യങ്ങളും സംഭവങ്ങളും ഇതിനുപിന്നിലുണ്ട്. ഇതിനിടയിൽ, കേസിനെ ബലപ്പെടുത്തുന്ന ശക്തമായ മറ്റനവധി തെളിവുകളും പൊലീസിന് ലഭിച്ചുകഴിഞ്ഞു. അതിൽ ഏറ്റവും പ്രധാനം അഭിരാമിനൊപ്പം ആക്രമിക്കപ്പെടാൻ ലക്ഷ്യമിട്ടിരുന്ന ആ കൂട്ടുകാരന്റെ നിർണായക മൊഴിയാണ്. അഭിരാമിനൊപ്പം ആ കൂട്ടുകാരനെ കൂടി വിളിച്ചുവരുത്തി ആക്രമിക്കാനായിരുന്നു പ്രതികൾ പദ്ധതിയിട്ടിരുന്നത്.

എന്നാൽ സമയം വൈകിയതിനാൽ ആ സുഹൃത്ത് അവിടേക്ക് ചെല്ലാഞ്ഞതുകൊണ്ട് മാത്രമാണ് വലിയൊരു ദുരന്തത്തിൽ നിന്ന് അവൻ രക്ഷപ്പെട്ടത്. ഇക്കഴിഞ്ഞ ഒക്ടോബർ ഒന്നിന്, കേസിൽ ഉൾപ്പെട്ട ഒന്നാം പ്രതിയായ 17-കാരൻ തന്നെ നേരിട്ട് മർദിച്ചിരുന്നു എന്നാണ് ആ കൂട്ടുകാരൻ പോലീസിന് നൽകിയിട്ടുള്ള മൊഴി. ഈ മർദന രീതി പൊലീസിന് കേസിൽ വലിയൊരു തുമ്പ് നൽകിയിട്ടുണ്ട്.അതായത്, പ്രതികൾ ഉപയോഗിച്ച ‘കുറ്റകൃത്യ ശൈലി’ (Crime Style) കൃത്യമായി തിരിച്ചറിയാൻ ഈ മൊഴിയിലൂടെ സാധിക്കും. ‘വയറിൽ ഇടിച്ച ശേഷം നിലത്ത് മറിച്ചിട്ട് ശരീരത്തിന് മുകളിൽ കയറിയിരുന്ന് കഴുത്തമർത്തി’ എന്നാണ് ആ കൂട്ടുകാരൻ നൽകിയ മൊഴിയിലുള്ളത്. ഇതേ കൃത്യമായ രീതിയിലാണ് ഉമറും ഒന്നാം പ്രതിയും ചേർന്ന് അഭിരാമിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പിന്നീട് ശാസ്ത്രീയമായി കണ്ടെത്തി.

പോസ്റ്റ്മോർട്ടം പരിശോധനയിലും കൊലപാതകത്തിന് സമാനമായ ശൈലിയാണ് ഉപയോഗിച്ചിട്ടുള്ളത് എന്ന് ഏതാണ്ട് സ്ഥിരീകരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ മൊഴി കോടതിയിൽ പ്രതികൾക്ക് പഴുതുകളില്ലാത്ത കുരുക്കായി മാറും എന്ന കാര്യത്തിൽ സംശയമില്ല. കൂടാതെ, ഈ കൊലപാതകത്തിന് പിന്നിൽ ദിവസങ്ങളുടെ കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ടെന്നും പോലീസ് തെളിവുകൾ സഹിതം കണ്ടെത്തിക്കഴിഞ്ഞു. കാപ്പാ നിയമപ്രകാരമുള്ള നടപടികൾ നേരിട്ട ആളും, വിവിധ മോഷണ കേസുകളിലെ പ്രതിയുമായ ഉമർ ഈ കേസിൽ സജീവമായി ഉൾപ്പെട്ടിട്ടുണ്ട് എന്ന് വ്യക്തമായ നിമിഷം മുതൽ തന്നെ പോലീസ് അതീവ ജാഗ്രതയോടെയാണ് നീങ്ങിയത്.

പോലീസ് മുൻകൂട്ടി അനുമാനിച്ചതുപോലെ തന്നെ ഉമർ കേസിൽ നിന്നും തലയൂരാൻ അതിവിദഗ്ധമായ തന്ത്രങ്ങളാണ് പയറ്റിയത്. പിന്നീട് നടത്തിയ ഫോൺ പരിശോധനകളിലാണ് ഈ ഗൂഢതന്ത്രങ്ങൾ ഓരോന്നായി പുറത്തുവന്നത്. തുടക്കത്തിൽ തന്നെ ഇവ കണ്ടെത്താൻ കഴിഞ്ഞത് അന്വേഷണത്തിൽ വരാമായിരുന്ന വലിയൊരു തിരിച്ചടിയെ സമയബന്ധിതമായി പ്രതിരോധിക്കാൻ പോലീസിനെ സഹായിച്ചു.

ആ തന്ത്രം ഇങ്ങനെയായിരുന്നു; കുറ്റകൃത്യത്തിന് പുറപ്പെടും മുമ്പ് കാമുകിയോട് തന്റെ ഫോണിലേക്ക് വിളിക്കാൻ ഉമർ ആവശ്യപ്പെട്ടിരുന്നു. ഫോൺ അറ്റൻഡ് ചെയ്ത് വീട്ടിൽ വെച്ചിട്ടാണ് ഉമർ പാങ്ങപ്പാറയിൽ അഭിരാമിനെ എത്തിക്കാൻ തീരുമാനിച്ച, കുറ്റകൃത്യം നടന്ന സ്‌പോട്ടിലേക്ക് പോയത്. കൊലപാതകത്തിനുശേഷം ഏതാണ്ട് ഒന്നര മണിക്കൂറോളം കഴിഞ്ഞാണ് ഉമർ വീട്ടിലേക്ക് തിരിച്ചെത്തിയത്. അപ്പോഴും അയാളുടെ ഫോണിൽ കാമുകിയുടെ കോൾ കണക്റ്റ് ആയി തുടർന്നിരുന്നു.

വീട്ടിൽ വന്നപാടെ സംഭവങ്ങളെല്ലാം ഉമർ കാമുകിയോട് വിശദമായി പറഞ്ഞു, എങ്ങനെയാണ് കൊലപാതകം നടത്തിയത് എന്നതടക്കം വിശദമായി തന്നെ. പിന്നീട് ഇരുവരും തമ്മിൽ നടന്നത് പോലീസ് അന്വേഷണം ഉണ്ടായാൽ എങ്ങനെ രക്ഷപ്പെടാം എന്നതിന്റെ ചർച്ചയായിരുന്നു. പല തന്ത്രങ്ങൾ, പോലീസിനെ വഴിതെറ്റിക്കാൻ പോകുന്ന രീതിയിലുള്ള ചാറ്റുകൾ, ഒന്നാം പ്രതിയേയും അഭിരാമിനെയും കുറിച്ചുള്ള ചില വിവരങ്ങൾ അങ്ങനെ ചിലത്. കൊലപാതകം നടക്കുന്ന സമയത്ത് താൻ കാമുകിയുമായി ഫോണിലൂടെ സല്ലപിച്ചുകൊണ്ട് വീട്ടിൽ തന്നെ ആയിരുന്നു എന്ന് വരുത്താനായിരുന്നു ഉമറിന്റെ ശ്രമം.

‘ഫോൺ പരിശോധിച്ചാൽ തന്നെ രക്ഷിക്കാനുള്ള സാധനം വക്കീലിന് കിട്ടിക്കൊള്ളും’ എന്ന് ഉമർ കോൺഫിഡൻസിൽ ആയത് അങ്ങനെയാണ്. പക്ഷേ ആ ആത്മവിശ്വാസം ഉമറിന്റെ കാമുകി പോലീസിന്റെ മുന്നിൽ എത്തും വരെ മാത്രമാണ് ഉണ്ടായിരുന്നത്. പോലീസ് ഫോൺ പരിശോധിച്ചപ്പോൾ കാമുകിയാണ് ഉമറിനെ അവസാനം വിളിച്ചിരിക്കുന്നത് എന്ന് കണ്ടെത്തി. ചോദ്യം ചെയ്യലിൽ കേസിൽ നിന്ന് രക്ഷപ്പെടാൻ ഉമറിന്റെ തന്ത്രം അനുസരിച്ചാണ് അങ്ങനെ ചെയ്തതെന്ന് അവൾ സമ്മതിച്ചു. അതോടെ കാമുകിയും പ്രതിയായി, അറസ്റ്റിലായി.

ഇനിയും കൂടുതൽ പ്രതികൾ കേസിൽ ഉൾപ്പെടാനുള്ള സാധ്യതയാണ് പോലീസ് പറയുന്നത്. റിമാൻഡിലുള്ള പ്രതികളെ ഇനിയും കസ്റ്റഡിയിൽ വാങ്ങും. കൂടുതൽ തെളിവുകൾ മാത്രമല്ല പ്രധാനപ്പെട്ട മിസ്സിങ് തെളിവുകളും കണ്ടെത്തേണ്ടതുണ്ട്. അതിൽ ഏറ്റവും പ്രധാനം കാണാതായ ഫോണുകളും വസ്ത്രവുമാണ്. ഉമറിന് മറ്റൊരു ഫോൺ കൂടി ഉണ്ട് എന്നാണ് പോലീസ് മനസ്സിലാക്കുന്നത്, അതും ഒളിപ്പിച്ചിരിക്കുകയാണ്.

അതെല്ലാം കണ്ടെത്തേണ്ടത് ഇൻവെസ്റ്റിഗേഷനിൽ നിർണായകമാണ്. ഈ വസ്തുക്കളെല്ലാം തോട്ടിൽ കളഞ്ഞു എന്ന പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അവിടെ പരിശോധന നടത്തിയിട്ടും ഒന്നും കിട്ടിയിട്ടില്ല. അത് തോട്ടിൽ കളഞ്ഞു കാണില്ല എന്നാണ് പോലീസിന്റെ നിഗമനം, മറ്റെവിടെയോ ഒളിപ്പിക്കുകയോ നശിപ്പിക്കുകയോ ചെയ്തിട്ടുണ്ടാകാമെന്നും പോലീസിന് സംശയമുണ്ട്. അങ്ങനെയെങ്കിൽ, കേസിൽ ഉമർ ഒളിപ്പിച്ചുവെച്ചിരിക്കുന്ന, പോലീസിനെ വട്ടം ചുറ്റിക്കാൻ പോകുന്ന കൂടുതൽ തന്ത്രങ്ങൾ ഇനിയുമുണ്ടോ?

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix