കണ്ണൂർ: ചൊക്ലിയിൽനിന്ന് കാണാതായ പതിനേഴുകാരൻ ശിവസൂര്യയെ കണ്ടെത്താൻ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് ക്രൈംബ്രാഞ്ച്. കുട്ടിയെ കാണാതായിട്ട് മൂന്ന് മാസം പിന്നിട്ടിട്ടും ഇതുവരെ കണ്ടെത്താനായിട്ടില്ല. തുടർന്നാണ് അന്വേഷണം ഊർജിതമാക്കുന്നതിന്റെ ഭാഗമായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.
മൊബൈൽ ഫോൺ വാങ്ങിവെച്ചതിൽ പ്രതിഷേധിച്ച് ഓഗസ്റ്റ് എട്ടിനാണ് ശിവസൂര്യ വീടുവിട്ടിറങ്ങിയത്. കാശിയിലേക്ക് പോകുകയാണെന്ന് കത്തെഴുതിവെച്ചായിരുന്നു യാത്ര. ഏകദേശം മൂവായിരം രൂപയും കൈവശമുണ്ടായിരുന്നു.
ശിവസൂര്യയെ കണ്ടെത്തുന്നതിനായി വാരണാസി, രാമേശ്വരം തുടങ്ങിയ സ്ഥലങ്ങളിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. തലശ്ശേരി എ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചും അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. അന്വേഷണം ആദ്യഘട്ടത്തിൽ കാര്യക്ഷമമായിരുന്നില്ലെന്ന് കുടുംബം ആരോപിച്ചിരുന്നു.
തുടർന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ നേരിൽക്കണ്ട് കുടുംബം ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മാസം 17നാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്. എന്നാൽ ക്രൈംബ്രാഞ്ചിനും കാര്യമായ പുരോഗതി കൈവരിക്കാനായില്ല. തുടർന്നാണ് ശിവസൂര്യയെ കണ്ടെത്തുന്നതിനായി ഇപ്പോൾ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.




