തൃശൂർ: നടൻ മമ്മൂട്ടി ഉൾപ്പെടെയുള്ളവർക്കെതിരെ ഫേസ്ബുക്കിൽ പങ്കുവെച്ച വിദ്വേഷ പോസ്റ്റ് ഡിലീറ്റ് ചെയ്ത് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ. പുരസ്കാരം നേടിയവരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി പങ്കുവെച്ച പോസ്റ്റാണ് നീക്കം ചെയ്തത്. എന്നാൽ റാപ്പർ വേടനെതിരെ ഇതേ ദിവസം പങ്കുവെച്ച പോസ്റ്റ് ഇപ്പോഴും ഫേസ്ബുക്കിൽ തുടരുന്നുണ്ട്.
സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെ 2025 നവംബർ നാലിനാണ് ഗോപാലകൃഷ്ണൻ വിവാദ പോസ്റ്റ് പങ്കുവെച്ചത്. പുരസ്കാരം നേടിയ മുസ്ലിം വിഭാഗത്തിൽപ്പെട്ടവരുടെ പേരുകൾ മാത്രം എടുത്തുപറഞ്ഞായിരുന്നു പോസ്റ്റ്. മികച്ച നടിയായി ഷംല ഹംസയും മികച്ച നടനായി മമ്മൂട്ടിയും തെരഞ്ഞെടുക്കപ്പെട്ടതിനെ പരാമർശിച്ചുകൊണ്ട് ‘ബിസ്മയം’ എന്നായിരുന്നു ഗോപാലകൃഷ്ണന്റെ പരിഹാസം. ആസിഫ് അലി, സൗബിൻ ഷാഹിർ, ഷൈജു ഖാലിദ്, ഫാസിൽ മുഹമ്മദ് എന്നിവരുടെ പേരുകളും പോസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു.
ഗോപാലകൃഷ്ണന്റെ വീട്ടിൽ മമ്മൂട്ടി സന്ദർശനം നടത്തിയതിന് പിന്നാലെയാണ് വിവാദ പോസ്റ്റ് നീക്കം ചെയ്തത്. നേരത്തെ, മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം നടക്കുന്നുവെന്ന് ഗോപാലകൃഷ്ണൻ ആരോപിച്ചിരുന്നു. മമ്മൂട്ടിയുമായി മാത്രമല്ല, എല്ലാവരുമായും തനിക്ക് നല്ല വ്യക്തിബന്ധമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.


