തൃശൂർ: ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രസവശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ ശരീരത്തിനുള്ളിൽ പഞ്ഞി കണ്ടെത്തിയ സംഭവത്തിൽ ഡോക്ടർക്കെതിരെ കേസെടുത്ത് പൊലീസ്. ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ടിറ്റോ ടോമിനെയാണ് പ്രതിചേർത്തത്. വൈദ്യശാസ്ത്രപരമായ അശ്രദ്ധ വരുത്തിയെന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ഗുരുവായൂർ എ.സി.പിക്കാണ് അന്വേഷണച്ചുമതല. ചാവക്കാട് മുനക്കക്കടവ് സ്വദേശി ഫാത്തിമത്തുല്‍ ഷഹ്ഫിയ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഓഗസ്റ്റ് 18നായിരുന്നു യുവതിയുടെ പ്രസവശസ്ത്രക്രിയ.
ശസ്ത്രക്രിയയ്ക്കുശേഷം കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മൂന്ന് തവണ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും തിരിച്ചയച്ചെന്നാണ് യുവതിയുടെ പരാതി. പിന്നീട് നടത്തിയ സ്കാനിങ്ങിലാണ് വയറ്റിൽ പഞ്ഞി കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് ശസ്ത്രക്രിയയിലൂടെ പഞ്ഞി പുറത്തെടുത്തു.
പ്രസവശസ്ത്രക്രിയ കഴിഞ്ഞ് 43-ാം ദിവസമാണ് പഞ്ഞി പുറത്തെടുത്തതെന്നും യുവതി ആരോപിക്കുന്നു. സംഭവത്തിൽ ഡോക്ടർമാർ ഉത്തരവാദിത്തം ഏറ്റെടുക്കാതെ നഴ്സുമാരുടെ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി കൈയൊഴിഞ്ഞതായും പരാതിയിലുണ്ട്. സംഭവത്തിൽ അന്വേഷണം നടത്താൻ ജില്ലാ മെഡിക്കൽ ഓഫീസർ നേരത്തെ ഉത്തരവിട്ടിരുന്നു.




