മുട്ട കൊണ്ട് പല തരാം വിഭവങ്ങൾ ഉണ്ട്. അവയെല്ലാം കഴിച്ച് മടുത്തിരിക്കുമല്ലേ. എന്നാൽ മുട്ട കൊണ്ട് തയ്യാറാക്കാൻ പറ്റുന്ന ഒരു വെറൈറ്റി വിഭവമാണ് എഗ് ഗീ റോസ്റ്റ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കും ഇത്. ഇനി എങ്ങനെയാണ് ഇത് തയ്യാറാക്കുന്നതെന്ന് നോക്കാം.
ചേരുവകൾ
മുട്ട (പുഴുങ്ങിയത്) – 6 എണ്ണം
നെയ്യ് – 4 മുതൽ 5 ടേബിൾ സ്പൂൺ വരെ
സവാള (നന്നായി അരിഞ്ഞത്) – 2 എണ്ണം കറിവേപ്പില – 2 തണ്ട്
പുളിവെള്ളം – 2 ടേബിൾ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
കാശ്മീരി ഉണക്കമുളക് – 10 മുതൽ 12 വരെ
മല്ലിവിത്ത് – 2 ടേബിൾ സ്പൂൺ
ജീരകം – 1 ടീസ്പൂൺ
കുരുമുളക് – 1 ടീസ്പൂൺ
ഉലുവ – ¼ ടീസ്പൂൺ
വെളുത്തുള്ളി – 6 അല്ലി
തയാറാക്കുന്ന വിധം
ആദ്യം ഒരു പാനിൽ ഉണക്കമുളക്, മല്ലിവിത്ത്, ജീരകം, കുരുമുളക്, ഉലുവ എന്നിവ എണ്ണയില്ലാതെ ചെറുതീയിൽ വറുത്തെടുക്കുക. മസാലകൾ കരിഞ്ഞുപോകാതെ ശ്രദ്ധിക്കണം. തണുത്ത ശേഷം വെളുത്തുള്ളിയും ആവശ്യത്തിന് വെള്ളവും ചേർത്ത് മൃദുവായ പേസ്റ്റാക്കി അരച്ചെടുക്കുക.
ശേഷം ഒരു പാനിൽ നെയ്യ് ചൂടാക്കി സവാളയും കറിവേപ്പിലയും ചേർത്ത് വഴറ്റുക. സവാള സ്വർണനിറമാകുമ്പോൾ അരച്ചുവെച്ച മസാല ചേർക്കുക. മസാലയിൽ നിന്ന് നെയ്യ് തെളിയുന്നതുവരെ നന്നായി വഴറ്റണം. തുടർന്ന് പുളിവെള്ളവും ഉപ്പും ചേർത്ത് കുറച്ച് സമയം വേവിക്കുക.
പുഴുങ്ങിയ മുട്ടകളിൽ ചെറിയ വരകൾ ഇട്ട് മസാലയിലേക്ക് ചേർക്കുക. മുട്ടകൾ പൊട്ടിപ്പോകാതെ ശ്രദ്ധയോടെ ഇളക്കി മസാല നന്നായി പൊതിയുക. ഏകദേശം 5 മുതൽ 7 മിനിറ്റ് വരെ ചെറുതീയിൽ വേവിച്ച ശേഷം മുകളിലൂടെ ഒരു സ്പൂൺ നെയ്യ് കൂടി ഒഴിച്ചാൽ വിഭവം കൂടുതൽ സ്വാദിഷ്ടമാകും.


