വാഷിങ്ടൺ: ലോകമെമ്പാടുമുള്ള ഉപയോക്താക്കളെ ബാധിച്ച മൈക്രോസോഫ്റ്റിന്റെ സേവന തടസം ഒടുവിൽ പരിഹരിച്ചു. Outlook, Teams, Copilot എന്നിവയുൾപ്പെടെയുള്ള Microsoft 365 സേവനങ്ങൾ കമ്പനി പൂർണമായും പുനഃസ്ഥാപിച്ചു. 36 മണിക്കൂറിലധികം നീണ്ടുനിന്ന തടസ്സത്തിനാണ് പരിഹാരമായത്.
സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചതായി ശനിയാഴ്ച മൈക്രോസോഫ്റ്റ് അറിയിച്ചു. 70ലധികം രാജ്യങ്ങളിലെ ലക്ഷക്കണക്കിന് ഉപയോക്താക്കളെയാണ് തടസം ബാധിച്ചത്. വിവിധ കമ്പനികൾ, സർക്കാർ സ്ഥാപനങ്ങൾ, വ്യക്തിഗത ഉപയോക്താക്കൾ എന്നിവർക്കും സേവനങ്ങൾ ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായി.
Outlook, Teams, Copilot എന്നിവയ്ക്ക് പുറമെ SharePoint, Planner, To Do തുടങ്ങിയ സേവനങ്ങളെയും തടസം ബാധിച്ചിരുന്നു. Teams വഴി സന്ദേശങ്ങൾ അയക്കാനും ഓൺലൈൻ മീറ്റിങ്ങുകളിൽ പങ്കെടുക്കാനും കഴിഞ്ഞിരുന്നെങ്കിലും കലണ്ടർ, മീറ്റിങ് ഷെഡ്യൂളിങ് തുടങ്ങിയ സൗകര്യങ്ങൾ പ്രവർത്തിച്ചിരുന്നില്ല. Copilot ഉപയോഗിക്കുന്നവർക്കും ചാറ്റുകൾ ലോഡ് ചെയ്യാനും ഇമെയിലുകളും ഫയലുകളും തുറക്കാനും ബുദ്ധിമുട്ട് നേരിട്ടു.
നെറ്റ്‌വർക്ക് ശേഷി വർധിപ്പിക്കുന്നതിനായി നടത്തിയ നവീകരണവും തുടർന്നുണ്ടായ നെറ്റ്‌വർക്ക് മാറ്റവുമാണ് പ്രശ്നത്തിന് കാരണമായതെന്ന് മൈക്രോസോഫ്റ്റ് കണ്ടെത്തി. ഇത് സൈബർ ആക്രമണമോ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഏജന്റുമായി ബന്ധപ്പെട്ട പ്രശ്നമോ അല്ലെന്നും കമ്പനി വ്യക്തമാക്കി.
സേവനങ്ങൾ പുനഃസ്ഥാപിച്ചെങ്കിലും അടിസ്ഥാന സൗകര്യങ്ങളും ഇമെയിൽ ബാക്ക്‌ലോഗുകളും കമ്പനി നിരീക്ഷിച്ചുവരികയാണ്. ഉപയോക്താക്കൾക്കുണ്ടായ ബുദ്ധിമുട്ടിൽ മാപ്പ് പറഞ്ഞ മൈക്രോസോഫ്റ്റ് സംഭവത്തിന്റെ വിശദാംശങ്ങൾ ഉൾപ്പെടുത്തി റിപ്പോർട്ട് പുറത്തിറക്കുമെന്നും അറിയിച്ചു.


