ലഖ്‌നൗ: 2027-ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പ്രത്യേക തീവ്ര പരിഷ്കരണം ബിജെപിയെ തിരിഞ്ഞ് കൊത്തിയോ എന്നതാണ് ഇപ്പോഴത്തെ ചർച്ച. എസ്ഐആറിന് ശേഷം ഏകദേശം 1.27 കോടി ഹിന്ദു വോട്ടർമാര്‍മാര്‍ പട്ടികയിൽ നിന്ന് പുറത്തായെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പ്രസ്താവന ബിജെപി ക്യാമ്പിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇത് തെരഞ്ഞെടുപ്പ് ഫലത്തെ തന്നെ അട്ടിമറിച്ചേക്കുമെന്ന വിലയിരുത്തലിലാണ് പാർട്ടി നേതൃത്വം. ഇതോടെ പുറത്തായ ഭൂരിഭാഗം പേരെയും വോട്ടർപട്ടികയിൽ തിരിച്ചുചേർക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കാനാണ് ബിജെപി നേതാക്കൾക്കുള്ള കർശന നിർദേശം. നിലവിൽ നടക്കുന്ന പ്രത്യേക സംക്ഷിപ്ത പരിഷ്‌കരണ (SSR) ഇതിനായി ഉപയോഗിക്കാനും പ്രവർത്തകരോട് പാർട്ടി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ടത്രേ.
യോഗിയും ആർഎസ്എസുമായുള്ള അസ്വാരസ്യങ്ങൾ, അയോധ്യ ക്ഷേത്ര കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങൾ, പ്രതിപക്ഷത്തിന്റെ ശക്തമായ പ്രവർത്തനം എന്നിങ്ങനെ പല കാരണങ്ങളാൽ ഇത്തവണത്തെ തെരഞ്ഞെടുപ്പ് ബിജെപിക്ക് മുൻ തിരഞ്ഞെടുപ്പുകൾ പോലെ അത്ര എളുപ്പമായിരിക്കില്ല ഇത്തവണത്തേത്.
യുപിയിൽ 2025 ഒക്ടോബർ 27ന് ആരംഭിച്ച എസ്ഐആർ ഈ വർഷം ഏപ്രിൽ 10നാണ് പൂർത്തിയായത്. 15.44 കോടി വോട്ടർമാരുണ്ടായിരുന്ന യു പിയിൽ എസ്ഐആറിന് ശേഷം 13.39 കോടിയായി കുറഞ്ഞു. 1.27 കോടി ഹിന്ദു വോട്ടർമാർ പുറത്തായ കണക്ക് പരിശോധിക്കുമ്പോൾ, 403 നിയമസഭാ മണ്ഡലങ്ങളുള്ള യുപിയിൽ ഓരോ മണ്ഡലത്തിലും ശരാശരി 31,000ത്തിലധികം വോട്ടർമാർ പുറത്തായെന്നാണ് കണക്ക്.
ഇത് നികത്താൻ ഇതിൽ ഓരോ മണ്ഡലത്തിലും 10,000 മുതൽ 25,000 വരെ വോട്ടർമാരെ തിരിച്ചുചേർക്കാനാണ് ബിജെപി ജില്ലാ നേതാക്കൾക്ക് പാർട്ടി നിര്‍ദേശം നൽകിയിരിക്കുന്നത്. അങ്ങനെയാണെങ്കിശ ഓരോ പോളിംഗ് ബൂത്തിലും കുറഞ്ഞത് 50 വോട്ടർമാർ കൂടി ചേർക്കപ്പെടും. എസ്എസ് ആർ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച് മൂന്ന് ദിവസത്തിന് ശേഷം, നവംബർ 20-ന് ഈ പ്രവർത്തനങ്ങൾക്ക് തുടക്കമിടാനാണ് ഉദ്ദേശിക്കുന്നത്.
2017ൽ ബിജെപിയും സമാജ്‌വാദി പാർട്ടിയും (എസ്പി) തമ്മിലുള്ള വോട്ടുവ്യത്യാസം 1.55 കോടിയായിരുന്നുവെന്നും 2022ൽ ഇത് 85 ലക്ഷമായി ചുരങ്ങിയെന്നും യോഗത്തിൽ കേശവ് പ്രസാദ് മൗര്യ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിനകത്ത് മറ്റൊരു മണ്ഡലത്തിലേക്ക് മാറുകയും അല്ലെങ്കിൽ മറ്റൊരു സംസ്ഥാനത്തേക്ക് കുടിയേറുകയും ചെയ്ത വോട്ടർമാരിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ബി ജെ പി തീരുമാനം. വോട്ടർ പട്ടികയിൽ കൂടുതൽ സ്ത്രീകളെയും യുവാക്കളെയും ഉൾപ്പെടുത്തുന്നതിനും ഊന്നൽ നൽകുമെന്ന് അവർ കൂട്ടിച്ചേർത്തു.
‘ബി ജെ പി വിജയിക്കാത്ത മുസ്‌ലിം ഭൂരിപക്ഷമുള്ള മണ്ഡലങ്ങളിൽ പാർട്ടി വലിയ ശ്രദ്ധ ചെലുത്തില്ല. എസ് ഐ ആർ നടപടിക്കിടെ വലിയ തോതിൽ ഹിന്ദു വോട്ടർമാർ പുറത്താക്കപ്പെട്ട, എന്നാൽ അവരെ തിരിച്ചുചേർത്താൽ വിജയിക്കാൻ സാധ്യതയുള്ള മണ്ഡലങ്ങളിൽ ഞങ്ങൾ പ്രവർത്തകരെ നിയോഗിക്കും’ മുതിർന്ന ബിജെപി നേതാവ് പറഞ്ഞു. 1.27 കോടി ഹിന്ദു വോട്ടർമാരുടെ പേരുകൾ വോട്ടർപട്ടികയിൽ നിന്ന് പുറത്താക്കിയതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി നിവേദനം നൽകിയിട്ടുണ്ടെന്ന് ആജ് തക് സംഘടിപ്പിച്ച വാർത്താ പരിപാടിയിൽ സംസാരിക്കവെ യോഗി ആദിത്യനാഥ് വ്യക്തമാക്കി


