തിരുവനന്തപുരം: തിരുവനന്തപുരം ചാലയിലെ സ്വർണ കവർച്ചയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. 25 ലക്ഷം രൂപയ്ക്കാണ് കവർച്ച നടത്താൻ ക്വട്ടേഷൻ നൽകിയതെന്ന് പൊലീസ് കണ്ടെത്തി. മാളവിക ജ്വല്ലറി ഉടമ ജയറാമും മുഖ്യപ്രതി അമോലും കൂട്ടുപ്രതി ദിലീപും ചേർന്നാണ് കവർച്ചയ്ക്ക് പദ്ധതിയിട്ടതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
കവർച്ചയ്ക്ക് ദിവസങ്ങൾക്ക് മുമ്പാണ് ഗൂഢാലോചന നടന്നത്. സംഭവത്തിന് തലേദിവസം പ്രതികൾ സ്ഥലത്തെത്തി കവർച്ചയുടെ റിഹേഴ്സലും നടത്തി. ദിലീപും ഈ റിഹേഴ്സലിൽ പങ്കെടുത്തിരുന്നു. എന്നാൽ ആദ്യ ദിവസം നിശ്ചയിച്ച സമയത്ത് നന്ദകുമാർ കടയിൽ നിന്ന് ഇറങ്ങാത്തതിനാൽ കവർച്ചാ ശ്രമം നടന്നില്ല. പിന്നീട് സാഹചര്യം അനുകൂലമായപ്പോൾ പദ്ധതി നടപ്പാക്കുകയായിരുന്നു.
ക്വട്ടേഷൻ സംഘത്തിന് മുഖ്യപ്രതി അമോൽ ആദ്യം നാല് ലക്ഷം രൂപ കൈമാറി. കവർച്ചയ്ക്ക് ശേഷം ക്വട്ടേഷൻ ഏറ്റെടുത്ത അനൂപ് രാജിനും നാല് ലക്ഷം രൂപ നൽകി. കൂട്ടുപ്രതി ദിലീപ് വഴിയാണ് പണം കൈമാറിയത്. ദിലീപ് ബാങ്ക് അക്കൗണ്ട് വഴി തമിഴ്നാട്ടിലായിരുന്ന അനൂപ് രാജിന് തുക അയച്ചുനൽകുകയായിരുന്നു.
കവർച്ച നടന്ന ദിവസം രാവിലെ തന്നെ 85 ഗ്രാം സ്വർണം അമോൽ വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറിന് കൈമാറിയിരുന്നു. കവർന്ന സ്വർണത്തിൽ നിന്ന് 85 ഗ്രാം തിരികെ നൽകണമെന്നും അമോൽ ആവശ്യപ്പെട്ടിരുന്നു.
കേസിലെ പ്രതികളായ അമോലിനെയും ദിലീപിനെയും പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. മാളവിക ജ്വല്ലറി ഉടമ ജയറാമിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കേസിൽ കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണ്.


