ഫുക്കേറ്റ്: തായ്ലൻഡിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ഫുക്കേറ്റിൽ നാലുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 11 പേർ മരിച്ചു. അപകടത്തിൽ 16 പേർക്ക് പരിക്കേറ്റു.
തിങ്കളാഴ്ച പുലർച്ചെ മൂന്നരയോടെയാണ് തീപിടിത്തമുണ്ടായത്. കടകൾ, ഭക്ഷണശാല, വാടകമുറികൾ എന്നിവ പ്രവർത്തിച്ചിരുന്ന നാലുനില ഷോപ്ഹൗസിലാണ് തീ പടർന്നുപിടിച്ചത്. പിന്നീട് സമീപത്തെ കെട്ടിടങ്ങളിലേക്കും തീ വ്യാപിച്ചു.
രണ്ടുമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്നിരക്ഷാസേന തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. മരിച്ചവരിൽ തായ്ലൻഡ്, മ്യാൻമർ സ്വദേശികളുണ്ടെന്നാണ് വിവരം.
നേരത്തെ ജൂലൈയിൽ ബാങ്കോക്കിലെ ബാറിലുണ്ടായ തീപിടിത്തത്തിൽ നാൽപ്പതോളം പേർ മരിച്ചിരുന്നു. ഷോർട്ട് സർക്യൂട്ടാണ് അന്ന് അപകടത്തിന് കാരണമായത്.


