മസ്കത്ത്: പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന ഏഷ്യൻ സ്വദേശിയായ പ്രവാസിയെ വഴിയിൽ തടഞ്ഞുനിർത്തി 18,000 ഒമാനി റിയാൽ കവർന്ന കേസിൽ മൂന്ന് പ്രതികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. തിരിച്ചറിയൽ രേഖകൾ ആവശ്യപ്പെട്ട ശേഷമാണ് പ്രതികൾ പണം തട്ടിയെടുത്തത്.
നിയമപാലകരാണെന്ന് പരിചയപ്പെടുത്തിയ പ്രതികൾ പ്രവാസിയോട് ഔദ്യോഗിക രേഖകൾ കാണിക്കാൻ ആവശ്യപ്പെടുകയായിരുന്നു. പിന്നാലെ ഇയാളുടെ കൈവശമുണ്ടായിരുന്ന 18,000 റിയാൽ ബലമായി പിടിച്ചുവാങ്ങി.
മസ്കത്ത് ഗവർണറേറ്റ് പൊലീസും കുറ്റാന്വേഷണ വിഭാഗവും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. രണ്ടുപേരെ ഒമാനിൽനിന്ന് തന്നെ അറസ്റ്റ് ചെയ്തു. കൃത്യത്തിന് പിന്നാലെ രാജ്യം വിട്ട മൂന്നാമത്തെ പ്രതിയെ വിദേശത്തുനിന്ന് ഒമാനിലെത്തിച്ചാണ് അറസ്റ്റ് ചെയ്തത്.
മൂന്ന് പ്രതികളും ഒരേ ഏഷ്യൻ രാജ്യക്കാരാണെന്ന് പൊലീസ് അറിയിച്ചു. എന്നാൽ ഇവരുടെ പേരുവിവരങ്ങളോ ഏത് രാജ്യക്കാരാണെന്നോ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.


