ന്യൂഡൽഹി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി അഞ്ച് സംസ്ഥാനങ്ങളിലേക്ക് സ്ക്രീനിംഗ് കമ്മിറ്റികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലേക്കുള്ള കമ്മിറ്റികളെയാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തിങ്കളാഴ്ച പ്രഖ്യാപിച്ചത്. കേരളത്തിൽ നിന്നുള്ള എംപിമാരായ ഷാഫി പറമ്പിലിനും ഹൈബി ഈഡനും വിവിധ സംസ്ഥാനങ്ങളിലെ സ്ക്രീനിംഗ് കമ്മിറ്റികളിൽ അംഗത്വം ലഭിച്ചു.
ഓരോ കമ്മിറ്റിയിലും ഒരു ചെയർപേഴ്സണും രണ്ട് അംഗങ്ങളുമാണുള്ളത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്ന സ്ഥാനാർഥികളെ കണ്ടെത്തുകയും സ്ഥാനാർഥി നിർണയ നടപടികൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നതാണ് കമ്മിറ്റികളുടെ പ്രധാന ചുമതല. തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയുടെ സ്ഥാനാർഥി നിർണയ നടപടികൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് കോൺഗ്രസിന്റെ പുതിയ നീക്കം.




