ബെംഗളൂരു: വിയറ്റ്നാം ആസ്ഥാനമായുള്ള ഇലക്ട്രിക് മൊബിലിറ്റി കമ്പനിയായ ഗ്രീൻ എസ്എമ്മിന്റെ ഇലക്ട്രിക് ടാക്സി വാഹനങ്ങളുടെ രജിസ്ട്രേഷൻ കർണാടകയിൽ താൽക്കാലികമായി നിർത്തിവെച്ചു. ഗതാഗത മന്ത്രി ഭൈരതി സുരേഷ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർമാർക്ക് (ആർടിഒ) ഇതുസംബന്ധിച്ച് നിർദേശം നൽകി. ഗ്രീൻ എസ്എമ്മിന്റെ കുറഞ്ഞ നിരക്കിലുള്ള ഇ-ടാക്സി സർവീസിനെതിരെ ഓട്ടോ-ടാക്സി തൊഴിലാളി യൂണിയനുകൾ പ്രതിഷേധം ശക്തമാക്കിയതോടെയാണ് സർക്കാർ നടപടി.
ബെംഗളൂരുവിൽ ഇതുവരെ കമ്പനിയുടെ നൂറോളം ടാക്സികൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഗതാഗത മന്ത്രി വ്യക്തമാക്കി. 10,000 ടാക്സികൾ നിരത്തിലിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നാണ് വിവരം. സാധാരണക്കാരായ ഓട്ടോ-ടാക്സി തൊഴിലാളികളുടെ പരാതികൾ പരിഗണിച്ചാണ് പുതിയ ഉത്തരവുണ്ടാകുന്നതുവരെ രജിസ്ട്രേഷൻ നിർത്തിവെക്കാൻ നിർദേശം നൽകിയതെന്നും മന്ത്രി അറിയിച്ചു.
വിഷയത്തിൽ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി ചർച്ച നടത്തുമെന്നും അതിനുശേഷം മാത്രമേ തുടർനടപടികൾ തീരുമാനിക്കൂവെന്നും ഭൈരതി സുരേഷ് വ്യക്തമാക്കി.
കിലോമീറ്ററിന് എട്ട് രൂപ നിരക്കിൽ ഇലക്ട്രിക് ടാക്സി യാത്ര വാഗ്ദാനം ചെയ്താണ് ഗ്രീൻ എസ്എം ബെംഗളൂരുവിൽ പ്രവർത്തനം ആരംഭിക്കാനൊരുങ്ങുന്നത്. അതേസമയം, കർണാടകയിൽ ചെറിയ ടാക്സി കാറുകൾക്ക് കിലോമീറ്ററിന് 24 രൂപയാണ് നിലവിലെ നിരക്ക്. കുറഞ്ഞ നിരക്കിൽ വൻതോതിൽ വാഹനങ്ങൾ നിരത്തിലിറക്കുന്നത് സാധാരണ ടാക്സി തൊഴിലാളികളുടെ ഉപജീവനത്തെ ബാധിക്കുമെന്നാണ് യൂണിയനുകളുടെ ആശങ്ക.
വാഹന വായ്പയുടെ ഇഎംഐ, ഇൻഷുറൻസ്, പെർമിറ്റ്, സ്പെയർ പാർട്സ് തുടങ്ങിയ ചെലവുകൾ വഹിച്ചാണ് സാധാരണ ടാക്സി ഉടമകളും ഡ്രൈവർമാരും ജോലി ചെയ്യുന്നത്. വൻകിട കമ്പനികൾ കുറഞ്ഞ നിരക്കിൽ സർവീസ് നടത്തുമ്പോൾ തങ്ങൾക്ക് മത്സരിക്കാനാകില്ലെന്നാണ് തൊഴിലാളികളുടെ പരാതി.
വിയറ്റ്നാം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രീൻ എസ്എം നിലവിൽ ഡൽഹി-എൻസിആർ, ഹൈദരാബാദ് എന്നിവിടങ്ങളിൽ സർവീസ് നടത്തുന്നുണ്ട്. ഇന്ത്യയിലെ പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ബെംഗളൂരുവിനൊപ്പം ചെന്നൈയിലും സർവീസ് ആരംഭിക്കാനാണ് കമ്പനിയുടെ നീക്കം. എന്നാൽ കർണാടകയിലെ രജിസ്ട്രേഷൻ വിലക്ക് കമ്പനിയുടെ ബെംഗളൂരു പ്രവേശനത്തിന് താൽക്കാലിക തടസ്സമായിരിക്കുകയാണ്.


