തിരുവനന്തപുരം: ട്രാക്ക് അറ്റകുറ്റപ്പണികളെ തുടർന്ന് കണ്ണൂർ-കോയമ്പത്തൂർ, കോയമ്പത്തൂർ-കണ്ണൂർ എക്സ്പ്രസ് ട്രെയിനുകൾ നവംബർ 26ന് ഭാഗികമായി റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. സേലം ഡിവിഷനിലെ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് നിയന്ത്രണം.
നവംബർ 26ന് കണ്ണൂർ-കോയമ്പത്തൂർ എക്സ്പ്രസ് (16607) പാലക്കാട് ജങ്ഷനും കോയമ്പത്തൂരിനും ഇടയിൽ സർവീസ് നടത്തില്ല. അന്നേ ദിവസം ട്രെയിൻ പാലക്കാട് ജങ്ഷനിൽ യാത്ര അവസാനിപ്പിക്കും.
കോയമ്പത്തൂർ-കണ്ണൂർ എക്സ്പ്രസ് (16608) കോയമ്പത്തൂരിനും പാലക്കാട് ജങ്ഷനുമിടയിലും സർവീസ് നടത്തില്ല. പാലക്കാട് ജങ്ഷനിൽ നിന്ന് വൈകിട്ട് 3.10നായിരിക്കും ട്രെയിൻ സർവീസ് ആരംഭിക്കുക.
അതേസമയം, ചർലപ്പള്ളി-കൊല്ലം ജങ്ഷൻ സ്പെഷ്യൽ എക്സ്പ്രസ് (07195) നവംബർ 22ന് പൂർണമായും റദ്ദാക്കി. കൊല്ലം-ചർലപ്പള്ളി സ്പെഷ്യൽ എക്സ്പ്രസ് (07196) നവംബർ 24നും സർവീസ് നടത്തില്ല.
യാത്രക്കാർക്ക് ആശ്വാസമായി ചെന്നൈ എഗ്മോർ-മംഗളൂരു സെൻട്രൽ എക്സ്പ്രസ് ട്രെയിനുകളിൽ അധിക സ്ലീപ്പർ ക്ലാസ് കോച്ച് അനുവദിച്ചിട്ടുണ്ട്. ചെന്നൈ എഗ്മോർ-മംഗളൂരു എക്സ്പ്രസിൽ (16159) നവംബർ 20 മുതലും മംഗളൂരു-ചെന്നൈ എഗ്മോർ എക്സ്പ്രസിൽ (16160) നവംബർ 22 മുതലുമാണ് അധിക കോച്ച് അനുവദിച്ചിരിക്കുന്നത്.
ട്രെയിൻ യാത്രയ്ക്ക് തയ്യാറെടുക്കുന്ന യാത്രക്കാർ സർവീസ് നിയന്ത്രണങ്ങൾ ശ്രദ്ധിച്ച് യാത്ര ക്രമീകരിക്കണമെന്ന് റെയിൽവേ അറിയിച്ചു.


