ഗോവ: ലോകസിനിമയുടെ വൈവിധ്യമാര്‍ന്ന കാഴ്ചകള്‍ക്ക് വേദിയൊരുക്കി 57-ാമത് അന്താരാഷ്‌ട്ര ചലച്ചിത്രമേളയ്‌ക്ക് (ഐഎഫ്എഫ്‌ഐ 2026) ഇന്ന് തുടക്കമാകും. ഗോവയില്‍ വൈകിട്ട് നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ മുഖ്യമന്ത്രി പ്രമോദ് സാവന്തും ചലച്ചിത്രമേള ഡയറക്ടറും സംവിധായകനുമായ ആശുതോഷ് ഗോവാരിക്കറും ചേര്‍ന്ന് മേള ഉദ്ഘാടനം ചെയ്യും. ഒന്‍പത് ദിവസം നീളുന്ന ചലച്ചിത്രോത്സവത്തില്‍ സിനിമാ പ്രേമികള്‍ക്കും സംവിധായകര്‍ക്കും അഭിനേതാക്കള്‍ക്കും കലാകാരന്മാര്‍ക്കും ഒത്തുചേരാനുള്ള വേദിയാണ് ഒരുങ്ങുന്നത്.
‘Stories Without Borders’ അഥവാ ‘അതിരുകളില്ലാത്ത കഥകള്‍’ എന്നതാണ് ഇത്തവണത്തെ മേളയുടെ പ്രമേയം. ഭാഷയുടെയും രാജ്യാതിര്‍ത്തികളുടെയും പരിമിതികള്‍ മറികടന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള സിനിമകളെ ഒരേ വേദിയിലെത്തിക്കുകയാണ് ലക്ഷ്യം. പ്രമേയത്തിന് അനുയോജ്യമായി വര്‍ണാഭമായ ദീപാലങ്കാരങ്ങളാലും അലങ്കാരങ്ങളാലും ഗോവ ഒരുങ്ങിക്കഴിഞ്ഞു.
പോളിഷ് സംവിധായകന്‍ പാവല്‍ പാവ്‌ലിക്കോവ്‌സ്‌കി ഒരുക്കിയ ‘ഫാദര്‍ലാന്‍ഡ്’ ആണ് ഉദ്ഘാടന ചിത്രം. മേളയുടെ എല്ലാ പ്രദര്‍ശന വേദികളിലും ചിത്രം പ്രദര്‍ശിപ്പിക്കും. സിംഗപ്പൂര്‍ സംവിധായകന്‍ ആന്റണി ചെന്‍ ഒരുക്കിയ ‘വി ആര്‍ ഓള്‍ സ്‌ട്രേഞ്ചേഴ്‌സ്’ ആണ് സമാപന ചിത്രം.


