ഗ്ലോബൽ : 2035 ഓടെ ഇസ്‌ലാം ലോകത്തെ ഏറ്റവും വലിയ മതമായി മാറുമെന്ന് പ്യൂ റിസർച്ച് സെന്‍ററിന്‍റെ പഠനം വ്യക്തമാക്കുന്നു. മുസ്‌ലിം സ്ത്രീകളിലെ ഉയർന്ന ജനനനിരക്കും കുറഞ്ഞ ശരാശരി പ്രായവുമാണ് വളർച്ചയുടെ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്.
ലോകത്തെ ഏറ്റവും വലിയ മതമെന്ന സ്ഥാനം ക്രിസ്തുമതത്തിന് നഷ്ടമാകുമെന്നും ഇസ്‌ലാം ഒന്നാമതെത്തുമെന്നും പ്യൂ റിസർച്ച് സെന്‍ററിന്‍റെ പുതിയ പഠനം. 2035 ഓടെ മുസ്‌ലിം ജനസംഖ്യ ക്രിസ്ത്യാനികളുടേതിനെ മറികടക്കുമെന്നാണ്. 2020 മുതൽ 2070 വരെയുള്ള ജനസംഖ്യാ വളർച്ചാ പ്രവചനങ്ങളെ അടിസ്ഥാനമാക്കി നടത്തിയ പഠനം വ്യക്തമാക്കുന്നത്. നിലവിൽ ലോകത്തെ ഏറ്റവും വലിയ മതവിഭാഗം ക്രിസ്ത്യാനികളും രണ്ടാമത്തേത് മുസ്‌ലിംകളുമാണ്.
വളർച്ചാ നിരക്ക് കൂടുതൽ ഇസ്ലാം മതത്തിൽ
പഠനമനുസരിച്ച് 2070 -ൽ ലോകത്ത് 360 കോടിയിലധികം മുസ്‌ലിംകളുണ്ടാകും. ക്രിസ്ത്യൻ ജനസംഖ്യ 300 കോടിയിൽ താഴെയായിരിക്കും. ആഗോള ജനസംഖ്യയിൽ മുസ്‌ലിംകളുടെ വിഹിതം 2020 -ലെ 26 ശതമാനത്തിൽനിന്ന് 36 ശതമാനമായി ഉയരും. ക്രിസ്ത്യാനികളുടെ വിഹിതം ഏകദേശം 29 ശതമാനമായി തുടരും. 2020 -നെ അപേക്ഷിച്ച് മുസ്‌ലിം ജനസംഖ്യയിൽ 80 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ക്രിസ്ത്യൻ ജനസംഖ്യയിൽ 30 ശതമാനം വർധനയുണ്ടാകും. അതായത്, ക്രിസ്ത്യൻ ജനസംഖ്യയിൽ വർദ്ധന രേഖപ്പെടുത്തുന്നുണ്ടെങ്കിലും മുസ്ലിം ജനസംഖ്യ താരതമ്യേന വേഗത്തിലാണ് വളരുന്നതെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു.


