കൊച്ചി: അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് ഏഴ് വാഹനങ്ങളിൽ ഇടിച്ചു. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ അപകടത്തിൽ തകർന്നു. അപകടത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു. എറണാകുളം സ്വദേശി ഡാൽട്ടനാണ് കാർ ഓടിച്ചിരുന്നത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ചുള്ളിക്കലിൽ ഒരു ബൈക്കിൽ ഇടിച്ച ശേഷം ഏകദേശം ഒന്നര കിലോമീറ്ററോളം കാർ ബൈക്ക് വലിച്ചിഴച്ചതായി നാട്ടുകാർ പറയുന്നു. പനയപ്പിള്ളി ഭാഗത്തുനിന്ന് അമിതവേഗത്തിൽ എത്തിയ കാർ ബൈക്കുമായി വരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.
കപ്പലണ്ടിമുക്കിൽ വച്ച് കാർ ഒരു സ്ത്രീയെ ഇടിച്ചുവീഴ്ത്തി. തുടർന്ന് കൂനൻകുരിശ് പള്ളി വരെയുള്ള യാത്രയ്ക്കിടെ ആറ് വാഹനങ്ങളിൽ കൂടി ഇടിച്ചു. റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. റോഡരികിൽ നിന്ന നിരവധി പേർ തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. ബസാർ റോഡിൽ കൂനൻകുരിശ് പള്ളിക്ക് സമീപം നാട്ടുകാർ കാർ തടഞ്ഞു. രോഷാകുലരായ നാട്ടുകാർ കാറിന്റെ മുന്നിലെയും പിന്നിലെയും ചില്ലുകൾ തകർത്തു.
കാർ ഓടിച്ചിരുന്ന ഡാൽട്ടനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. വൈദ്യപരിശോധനയ്ക്കായി ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയ ശേഷം കാർ പൊലീസ് സ്റ്റേഷനിലെത്തിച്ചു. അപകടത്തിൽ വാഹനങ്ങൾ തകർന്നവരും ഉടമകളും പൊലീസ് സ്റ്റേഷനിലെത്തി. രാത്രി വൈകിയും സ്റ്റേഷന് സമീപം വലിയ ജനക്കൂട്ടം തടിച്ചുകൂടി.


