തിരുവനന്തപുരം: ബിജെപി വിട്ടതിന് പിന്നാലെ കോൺഗ്രസ് പ്രവർത്തകരോട് പരസ്യമായി ക്ഷമാപണം നടത്തി പദ്മജ വേണുഗോപാൽ. ബിജെപിയിൽ ചേർന്നത് വികാരപരമായ ഒരു നിമിഷത്തിൽ എടുത്ത തെറ്റായ തീരുമാനമായിരുന്നുവെന്ന് പദ്മജ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. കെ. കരുണാകരനെയും തന്നെയും സ്നേഹിച്ച നിരവധി കോൺഗ്രസ് പ്രവർത്തകരെ തന്റെ തീരുമാനം വേദനിപ്പിച്ചുവെന്ന തിരിച്ചറിവിലാണ് മടങ്ങിവരവിന് തയ്യാറെടുക്കുന്നതെന്നും അവർ പറഞ്ഞു.
പദവികളൊന്നും ലക്ഷ്യമിട്ടല്ല കോൺഗ്രസിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നതെന്നും ഒരു കോൺഗ്രസുകാരിയായി തിരിച്ചെത്തുക മാത്രമാണ് മനസ്സിലുള്ളതെന്നും പദ്മജ കുറിച്ചു. വിവിധ ഭാഗങ്ങളിൽനിന്നുള്ള കോൺഗ്രസ് പ്രവർത്തകരുടെ വിമർശനങ്ങൾ പൂർണമായും ഉൾക്കൊള്ളുന്നു. തന്റെ തീരുമാനത്തിലൂടെ ഓരോ കോൺഗ്രസ് പ്രവർത്തകനും പ്രസ്ഥാനത്തിനും ഉണ്ടായ മുറിവിൽ എല്ലാവരോടും ഹൃദയപൂർവം ക്ഷമ ചോദിക്കുന്നതായും അവർ വ്യക്തമാക്കി.
അടുത്ത മാസം അച്ഛൻ കെ. കരുണാകരന്റെ ചരമവാർഷിക ദിനത്തിൽ കോൺഗ്രസ് പ്രവർത്തകർക്കൊപ്പം അദ്ദേഹത്തിന്റെ സ്മൃതികുടീരത്തിലെത്തി ആദരമർപ്പിക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നും പദ്മജ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
അതേസമയം, പദ്മജ വേണുഗോപാലിനെ കോൺഗ്രസിലേക്ക് തിരിച്ചെടുക്കുന്നതിനെച്ചൊല്ലി പാർട്ടിക്കുള്ളിൽ അതൃപ്തി ശക്തമാകുന്നതായാണ് റിപ്പോർട്ടുകൾ. പ്രത്യേകിച്ച് യുവ നേതാക്കൾക്കിടയിലാണ് എതിർപ്പ് ഉയരുന്നത്. പാർട്ടി വക്താവും ഡി.സി.സി വൈസ് പ്രസിഡന്റുമായ ജിന്റോ ജോൺ, കെ.പി.സി.സി സെക്രട്ടറി തമ്പി സുബ്രഹ്മണ്യം, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ തുടങ്ങിയവർ നേരത്തെ തന്നെ പദ്മജയുടെ മടങ്ങിവരവിനെതിരെ നിലപാട് വ്യക്തമാക്കിയിരുന്നു.


