തിരുവനന്തപുരം: പത്മജ വേണുഗോപാലിന്റെ കോൺഗ്രസിലേക്കുള്ള മടങ്ങിവരവ് സംബന്ധിച്ച ചർച്ചകളിൽ എതിർപ്പ് പരസ്യമാക്കി കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്. പ്രവർത്തകരുടെ വികാരം കൂടി പരിഗണിച്ചുവേണം നേതൃത്വം ഇക്കാര്യത്തിൽ തീരുമാനമെടുക്കാനെന്ന് അവർ പറഞ്ഞു.
പത്മജ ഇപ്പോഴും സംഘപരിവാറിനെ പിന്തുണയ്ക്കുന്ന നിലപാടുകളാണ് സ്വീകരിക്കുന്നതെന്ന് ദീപ്തി മേരി ആരോപിച്ചു. ബിജെപിയിലേക്ക് പോയത് പല പ്രതീക്ഷകളോടെയാണെന്നും അവർ പറഞ്ഞു.
പത്മജ കോൺഗ്രസിലേക്ക് തന്നെയാണോ മടങ്ങിവരുന്നതെന്ന് ചോദിച്ച ദീപ്തി മേരി, ഇക്കാര്യത്തിൽ പത്മജ ഇതുവരെ വ്യക്തമായ നിലപാട് അറിയിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. കോൺഗ്രസ് വിട്ടുപോകുമ്പോൾ പാർട്ടിയിലെ സ്ത്രീകളെ അധിക്ഷേപിച്ചാണ് പത്മജ സംസാരിച്ചതെന്നും ഇപ്പോഴും ബിജെപിയുടെ നിലപാടുകൾ ആവർത്തിക്കുകയാണെന്നും അവർ ആരോപിച്ചു.
കെ. കരുണാകരന്റെ മകൾക്ക് ഇത്തരത്തിൽ സംസാരിക്കേണ്ടിവന്നതിൽ സഹതാപം മാത്രമാണുള്ളതെന്നും ദീപ്തി മേരി വർഗീസ് പ്രതികരിച്ചു. പത്മജയുടെ കോൺഗ്രസിലേക്കുള്ള മടങ്ങിവരവിൽ പാർട്ടി നേതൃത്വം ഉചിതമായ തീരുമാനം എടുക്കുമെന്നും അവർ വ്യക്തമാക്കി.


