ന്യൂഡൽഹി: മണിപ്പൂരിൽ വ്യാജമദ്യം കഴിച്ച് 17 പേർ മരിച്ചു. 181 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. മണിപ്പൂരിലെ ചന്ദേൽ ജില്ലയിൽ ചക്പികറോങ് സബ് ഡിവിഷനിലാണ് ദുരന്തമുണ്ടായത്.
മേഖലയിലെ അഞ്ച് ഗ്രാമങ്ങളിൽ നിന്നുള്ളവരാണ് മരിച്ചത്. കഴിഞ്ഞ ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ പ്രാദേശികമായി നിർമിച്ച മദ്യം കഴിച്ചവർക്കാണ് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. തുടർന്ന് ഇവരെ ഇംഫാൽ വെസ്റ്റിലെ ഷിജ ആശുപത്രിയിലും ഇംഫാൽ ഈസ്റ്റിലെ ബബിന ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ മദ്യം കഴിച്ചതിന് പിന്നാലെ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നവർ ഉടൻ ചികിത്സ തേടണമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി. പ്രാദേശികമായി ലഭിക്കുന്നതും ഗുണനിലവാരത്തിൽ സംശയമുള്ളതുമായ മദ്യം ഉപയോഗിക്കരുതെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്.
ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരെ മുഖ്യമന്ത്രി യുംനാം ഖേംചന്ദ് സിങ് സന്ദർശിച്ചു. വ്യാജമദ്യം നിർമിച്ചവരെയും വിതരണം ചെയ്തവരെയും കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
അടിയന്തര സാഹചര്യം കണക്കിലെടുത്ത് വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെ രണ്ട് ആശുപത്രികളിലുമായി നിയോഗിച്ചിട്ടുണ്ട്. ദുരന്തത്തിൽപ്പെട്ടവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കുന്നതിനുള്ള നടപടികളും സർക്കാർ സ്വീകരിച്ചുവരികയാണ്.


