ന്യൂഡൽഹി: സ്വർണം വാങ്ങുന്നത് കുറയ്ക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശം ദീർഘവീക്ഷണത്തോടെയുള്ളതായിരുന്നുവെന്ന് ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി. സ്വർണവില കുറഞ്ഞതോടെ വ്യാപാരികളും നിക്ഷേപകരും വലിയ നഷ്ടത്തിൽനിന്ന് രക്ഷപ്പെട്ടുവെന്ന് സംഘടന വ്യക്തമാക്കി.ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സംഘടന നന്ദി അറിയിച്ച് കത്തയച്ചു. ലക്ഷക്കണക്കിന് ജ്വല്ലറി ഉടമകൾക്കും വ്യാപാരികൾക്കും നിക്ഷേപകർക്കും വിലയിടിവ് മൂലമുള്ള വലിയ നഷ്ടം ഒഴിവാക്കാൻ കഴിഞ്ഞെന്നാണ് സംഘടനയുടെ വിലയിരുത്തൽ.
സ്വർണത്തിന്റെ വില കിലോയ്ക്ക് 1.90 കോടി രൂപയിൽനിന്ന് 1.25 കോടി രൂപയായി കുറഞ്ഞതോടെ 65 ലക്ഷം രൂപയുടെ ഇടിവുണ്ടായെന്നും സംഘടന ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ നേരത്തെ ഉയർന്ന വിലയ്ക്ക് സ്വർണം വാങ്ങിയിരുന്നെങ്കിൽ വലിയ സാമ്പത്തിക നഷ്ടം നേരിടേണ്ടിവരുമായിരുന്നുവെന്നും കത്തിൽ പറയുന്നു.
അതേസമയം, വിവാഹ സീസണിൽ സ്വർണവില കുറഞ്ഞത് സാധാരണ കുടുംബങ്ങൾക്കും ആശ്വാസമായതായി സംഘടന വ്യക്തമാക്കി.


