കൊച്ചി: കോൺഗ്രസിലും യുഡിഎഫിലും അതൃപ്തിയും അഭിപ്രായവ്യത്യാസങ്ങളും ശക്തമാകുന്നതിനിടെ മുഖ്യമന്ത്രി വി.ഡി. സതീശന് പിന്തുണയുമായി മുസ്ലിം ലീഗ്. മുഖ്യമന്ത്രിക്കെതിരായ പരസ്യപ്രതികരണങ്ങൾ ഒഴിവാക്കണമെന്ന നിലപാടിലാണ് പി.കെ. കുഞ്ഞാലിക്കുട്ടിയും പി.എം.എ. സലാമും. മുഖ്യമന്ത്രിയുമായുള്ള അടുത്ത രാഷ്ട്രീയബന്ധം ഭരണതലത്തിൽ പാർട്ടിക്ക് നിർണായക സ്വാധീനം നൽകുന്നുണ്ടെന്നാണ് ലീഗിന്റെ വിലയിരുത്തൽ.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശന്റെ പേര് ഉയർന്ന ഘട്ടം മുതൽ തന്നെ ലീഗ് അദ്ദേഹത്തിന് പിന്തുണ നൽകിയിരുന്നു. സർക്കാർ അധികാരത്തിലെത്തി ആറുമാസം പിന്നിടുമ്പോൾ കോൺഗ്രസിനുള്ളിൽ നിന്നുതന്നെ സർക്കാരിനെതിരെ വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് ലീഗ് പ്രതിരോധവുമായി രംഗത്തെത്തിയിരിക്കുന്നത്.
നൂറിലധികം സീറ്റുകളുടെ പിന്തുണയോടെ അധികാരത്തിലെത്തിയ സർക്കാർ ഗ്രൂപ്പ് പോരിലേക്ക് വഴിമാറുന്നത് ജനങ്ങൾക്കിടയിൽ വലിയ നിരാശയുണ്ടാക്കുമെന്നാണ് ലീഗിന്റെ ആശങ്ക. അതിനാൽ കോൺഗ്രസിലെ ഗ്രൂപ്പ് പോരാട്ടങ്ങളിൽ ഇടപെടാതെ മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും ഔദ്യോഗിക പിന്തുണ നൽകാനാണ് പാർട്ടിയുടെ തീരുമാനം.
മുഖ്യമന്ത്രിയുമായുള്ള അടുപ്പം ഭരണസിരാകേന്ദ്രങ്ങളിൽ സ്വാധീനവും പ്രധാന പദവികളും ഉറപ്പാക്കാൻ സഹായിക്കുന്നുണ്ടെന്നും ലീഗ് വിലയിരുത്തുന്നു. ബോർഡ്-കോർപ്പറേഷൻ പുനഃസംഘടനയിലും ഭരണപരിഷ്കാര കമ്മീഷൻ പോലുള്ള സുപ്രധാന പദവികൾ ലഭിക്കുന്നതിലും ഈ പരിഗണന പ്രതിഫലിക്കുന്നതായാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. സതീശൻ കൂടുതൽ കരുത്താർജിക്കുന്നത് മുന്നണിയിൽ ലീഗിന്റെ സ്വാധീനവും പരിഗണനയും വർധിപ്പിക്കുമെന്നും നേതൃത്വം പ്രതീക്ഷിക്കുന്നു.
അതേസമയം, സതീശനെ പിന്തുണയ്ക്കുന്നതിന്റെ പേരിൽ ദേശീയതലത്തിൽ ലീഗിനെ ഒറ്റപ്പെടുത്താൻ കെ.സി. വിഭാഗം ശ്രമിക്കുന്നതായും പാർട്ടിക്കുള്ളിൽ വിലയിരുത്തലുണ്ട്. ഈ സാഹചര്യത്തിൽ സംസ്ഥാന രാഷ്ട്രീയത്തിൽ മുഖ്യമന്ത്രിക്ക് ഉറച്ച പിന്തുണ നൽകുകയെന്ന തന്ത്രപരമായ നിലപാടിലാണ് ലീഗ്.
എന്നാൽ, യുഡിഎഫ് യോഗം വിളിച്ചുചേർക്കാത്തതിൽ ലീഗിന് അതൃപ്തിയുണ്ട്. നയപരമായ വിഷയങ്ങൾ ചർച്ച ചെയ്യാൻ മുന്നണി യോഗം ചേരുമെന്നാണ് പി.എം.എ. സലാം പ്രത്യാശ പ്രകടിപ്പിച്ചത്. കോൺഗ്രസ് നേതാക്കളും ഘടകകക്ഷികളും പരസ്യവിമർശനങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും സർക്കാർ ഒറ്റക്കെട്ടായി പ്രവർത്തിച്ചില്ലെങ്കിൽ പ്രതിപക്ഷം അത് രാഷ്ട്രീയ ആയുധമാക്കുമെന്നും ലീഗ് മുന്നറിയിപ്പ് നൽകുന്നു.


