കോൺഗ്രസിന് പുതിയ തലവേദനയായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഷാഫി പറമ്പില്‍ പോര്. ഉണ്ണിത്താൻ പൊട്ടിച്ച ബോംബിൽ നേതാക്കളും പ്രവർത്തകരും കയറിപ്പിടിച്ചതോടെ വിഷയം കൈവിട്ടുപോകുന്ന നിലയിലാണ് കാര്യങ്ങൾ. ഉമ്മൻ ചാണ്ടിയെന്ന പേര് തന്നെയാണ് ഇവിടേയും ഇരുകൂട്ടരും ഉപയോഗിക്കുന്നത്. എ ഗ്രൂപ്പുമായി ബന്ധപ്പെട്ട പരാമർശങ്ങളിലാണ് തുടങ്ങിയതെങ്കിലും ഉണ്ണിത്താൻ എംപി വിഷയം മറ്റൊരു തലത്തിലേക്ക് എത്തിക്കുകയായിരുന്നു. നാല് ഗർഭമുണ്ടാക്കി അടൂരിലെ വീട്ടിൽ വിശ്രമിക്കുന്ന ശിഷ്യനാണ് ഷാഫിക്ക് വേണ്ടി തനിക്ക് നേരെ സൈബർ ആക്രമണം നടത്തുന്നതെന്ന പരാമർശം ചെറുതല്ലാത്ത യുദ്ധത്തിനാണ് കോൺഗ്രസിനുള്ളിൽ തുടക്കമിട്ടിരിക്കുന്നത്. ഷാഫി എ ഗ്രൂപ്പ് അല്ലെന്ന് തന്നെയാണ് ഉണ്ണിത്താൻ ആവർത്തിക്കുന്നത്.
ഉമ്മൻ ചാണ്ടിയുടെ കുടുംബവും വിഷയത്തിൽ ഉണ്ണിത്താന് അനുകൂലമായ സമീപനമാണ്. അന്ന് സിപിഎം വളഞ്ഞിട്ടാക്രമിച്ചപ്പോൾ ഉമ്മൻ ചാണ്ടിയെ ഒറ്റയ്ക്ക് പ്രതിരോധിച്ചത് രാജ്മോഹൻ ഉണ്ണിത്താനാണെന്ന് പറയുന്നത് മകൻ ചാണ്ടി ഉമ്മൻ എംഎൽഎയാണ്. അതിലും വീര്യത്തിലാണ് ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മന്റെ പ്രതികരണം. യൂത്ത് കോൺഗ്രസ് അധ്യക്ഷനായി ഉമ്മൻ ചാണ്ടി മനസിൽ കരുതിയിരുന്നത് ജെ.എസ്.അഖിലിനെ ആയിരുന്നുവെന്ന് പറഞ്ഞ മറിയാമ്മ ഉമ്മൻ, ആ സ്ഥാനം ഷാഫിയും മാങ്കൂട്ടത്തിലും ചേർന്ന് ഹൈജാക്ക് ചെയ്യുകയായിരുന്നുവെന്നാണ് പറയാതെ പറഞ്ഞത്. ഷാഫി പറമ്പിൽ എ ഗ്രൂപ്പായിരുന്നുവെന്നു കരുതുന്നില്ല. ഉമ്മൻ ചാണ്ടിക്ക് ഷാഫിയെ ഇഷ്ടമായിരുന്നെങ്കിലും തിരിച്ച് സ്നേഹിച്ചിരുന്നോ എന്ന് ഉറപ്പില്ലെന്നും അവർ പറയുന്നു.
ഇതിനിടയിൽ പനമ്പിള്ളി നഗറിൽ ഫ്ളാറ്റുള്ള നേതാവിനെ കുറിച്ചെല്ലാമുള്ള ഉണ്ണിത്താന്റെ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം വലിയ ചർച്ചകൾക്കും വഴിതുറന്നിട്ടുണ്ട്. 2020 എന്ന വണ്ടി നമ്പർ ഷാഫിയുടെ ആണെന്ന് സോഷ്യൽ മീഡിയ കണ്ടെത്തി. അപ്പോൾ തന്റെ ഡയറി തുറന്നാൽ പല കഥകളും പുറത്ത് വരുമെന്ന് ഉണ്ണിത്താൻ പറഞ്ഞത് ഷാഫിയെ കുറിച്ച് തന്നെയാണോ? അങ്ങനെയെങ്കിൽ പൊതുജനം അറിയാൻ പാടില്ലാത്ത, ഉണ്ണിത്താന് അറിയാവുന്ന അത്ര നല്ലതല്ലാത്ത കഥകൾ ഷാഫിക്കും കൂട്ടർക്കും ഉണ്ടെന്ന് തന്നെയല്ലെ അർത്ഥം? എന്തായാലും അത് വരും ദിവസങ്ങളിൽ സോഷ്യൽ മീഡിയ തന്നെ പുറത്ത് കൊണ്ടുവന്നോളും. ഉണ്ണിത്താന്റെ പരസ്യ സംവാദത്തിനുള്ള വെല്ലുവിളി ഷാഫി ഏറ്റെടുക്കരുതെന്ന് പോയിട്ട് മറുപടി പോലും പറയേണ്ടെന്നാണത്രേ പാർട്ടിയുടെ കർശന നിർദേശം.
എന്തായാലും വിഷയത്തിൽ ഹൈക്കമാൻഡ് ഇടപെട്ടിട്ടുണ്ട്. അനുനയ നീക്കവുമായി എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയാണ് ഇടപെടല്‍ നടത്തിയിരിക്കുന്നത്. രാജ്‌മോഹന്‍ ഉണ്ണിത്താനുമായും ഷാഫി പറമ്പിലുമായും ദീപ ദാസ് മുന്‍ഷി ആശയവിനിമയം നടത്തി. ഇരുവരോടും തര്‍ക്കം അവസാനിപ്പിക്കണെമന്ന് ദീപ ദാസ് മുന്‍ഷി ആവശ്യപ്പെട്ടു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും രാജ്‌മോഹന്‍ ഉണ്ണിത്താനുമായി സംസാരിച്ചു. തനിക്കെതിരെ സൈബര്‍ ആക്രമണം നടത്തിയവരെ പുറത്താക്കണമെന്ന് ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു. അതേസമയം ഉണ്ണിത്താന്റെ വിമര്‍ശനത്തിന് പിന്നാലെ ഷാഫി പറമ്പിലിനെ പിന്തുണച്ച് കൂടുതല്‍ യുവനേതാക്കല്‍ രംഗത്ത് വരുകയാണ്. ഷാഫിയും മാങ്കുട്ടത്തിലും ചേർന്ന് ഒതുക്കിയ ജെഎസ് അഖിലിനെ പിന്തുണച്ചും ഒരു വിഭാഗം എത്തുന്നുണ്ട്.
എന്റെ പ്രസ്ഥാനത്തിന്റെ നേതാവെന്ന് ഏതൊരു പ്രവര്‍ത്തകനും ആരുടെ മുന്നിലും നെഞ്ചുയര്‍ത്തിപിടിച്ചു അഭിമാനത്തോടെ പറയാന്‍ കഴിയുന്ന, ഈ നാടിന്റെ സ്വപ്നതുല്യമായ ഭാവിക്ക് നേതൃത്വം കൊടുക്കാന്‍ കഴിയുന്ന ഒരു യുവ നേതാവ്.. ചേര്‍ത്തുപിടിക്കുന്നുണ്ട് ഓരോ മലയാളിയും ഷാഫിയെന്ന യുവ നേതാവിനെ എന്നാണ് KM അഭിജിത് എംഎൽഎയുടെ പോസ്റ്റ്.
പരസ്യ പ്രതികരണം പാടില്ലെന്ന നിർദേശം കൊണ്ടൊന്നും ഉണ്ണിത്താനെ സമാധാനിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ പ്രധാന ആവശ്യം കാസര്‍കോട് ഡിസിസി അധ്യക്ഷനെതിരെ നടപടി എടുക്കണം എന്നാണ്. തനിക്കെതിരെ ആദ്യം സാമൂഹ്യമാധ്യമങ്ങളില്‍ ആക്രമണത്തിന് കാരണമായത് ഡിസിസി അധ്യക്ഷനാണ്. ഡിസിസി അധ്യക്ഷന്‍ യോഗത്തില്‍ നടന്ന ചര്‍ച്ചകള്‍ ഉള്‍പ്പെടെ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി എന്നും സാമൂഹ്യമാധ്യമങ്ങളില്‍ അത് ചര്‍ച്ചയ്ക്ക് വഴിയൊരുക്കി എന്നുമാണ് ഉണ്ണിത്താന്റെ പരാതി. കൂടാതെ തനിക്കെതിരെ സൈബര്‍ ആക്രമണം നടത്തിയവര്‍ കോണ്‍ഗ്രസിന്റെയോ യൂത്ത് കോണ്‍ഗ്രസിന്റെയോ പ്രവര്‍ത്തകരാണെങ്കില്‍ അവര്‍ക്കെതിരെയും നടപടി വേണമെന്നും ഉണ്ണിത്താന്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ മാത്രമേ താന്‍ പരസ്യ പ്രസ്താവനകള്‍ നിര്‍ത്തൂ എന്നാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ ഹൈക്കമാന്റിനെ അറിയിച്ചിരിക്കുന്നത്. ഇക്കാര്യങ്ങളില്‍ ചര്‍ച്ചയാകാം എന്നാണ് ദീപ ദാസ് മുന്‍ഷി ഉണ്ണിത്താനെ അറിയിച്ചിരിക്കുന്നത്.
ചര്‍ച്ചകള്‍ നടത്താനും സമവായത്തിലെത്താനുമുള്ള ഹൈക്കമാന്റ് നീക്കം നടക്കുമ്പോഴും രാജ്മോഹന്‍ ഉണ്ണിത്താന്‍ അയയുന്ന നില ഉണ്ടാകുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്ന് പരസ്യ പ്രസ്താവനയ്ക്കുള്ള സാധ്യതകള്‍ കുറവാണെങ്കിലും അടുത്ത ദിവസങ്ങളില്‍ സമാന സൈബര്‍ ആക്രമണം തുടര്‍ന്നാല്‍ വീണ്ടും ഉണ്ണിത്താന്‍ പുറത്തിറങ്ങിയേക്കും. കടുത്ത ഭാഷയിലുള്ള ആക്രമണം ഷാഫി പറമ്പിലിനെതിരെ ഉണ്ടാകുമെന്നാണ് ഉണ്ണിത്താന്‍ നല്‍കുന്ന മുന്നറിയിപ്പ്. തന്റെ ഡയറിയില്‍ കുറിച്ചുവെച്ചിരിക്കുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും ഷാഫിക്കെതിരെ തന്റെ കയ്യില്‍ തെളിവുകള്‍ ഉണ്ടെന്നടക്കം ഇന്നലെ രാജ്മോഹന്‍ ഉണ്ണിത്താന്‍ തുറന്നടിച്ചിരുന്നു. എന്നാല്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ പരസ്യ പ്രസ്താവനകല്‍ തുടര്‍ന്നാല്‍ കെപിസിസിക്ക് വലിയ തിരിച്ചടി ഉണ്ടാകുെമന്നാണ് കോണ്‍ഗ്രസ് നേതൃത്വം ആശങ്കപ്പെടുന്നത്. അതേസമയം ആരോപണങ്ങള്‍ക്ക് ഷാഫി പറമ്പില്‍ മറുപടി പറയണമെന്നാണ് ഷാഫി അനുകൂലികളുടെ ഉയര്‍ത്തുന്ന ആവശ്യം


