എരുമേലി ∙ ദേവസ്വം ബോർഡിന്റെയും മറ്റ് സ്വകാര്യ ശുചിമുറികളിലും ശബരിമല തീർഥാടകരോട് അമിത നിരക്ക് വാങ്ങുന്നതായി പരാതി. രാത്രി കാലങ്ങളിൽ ശുചിമുറി ഉപയോഗത്തിനു മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകരിൽ നിന്ന് 50 രൂപ വരെ വാങ്ങിയതായി പരാതിയുണ്ട്. തുടക്കത്തിൽ റവന്യു കൺട്രോൾ റൂം വിജിലൻസ് വിഭാഗം ശക്തമായ ഇടപെടൽ നടത്തുകയും അമിത നിരക്ക് വാങ്ങിയവരിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്തതോടെ ചൂഷണം കുറഞ്ഞിരുന്നു.
എന്നാൽ ഇപ്പോൾ വീണ്ടും ചൂഷണം ശക്തമായിരിക്കുകയാണ്. ദേവസ്വം ബോർഡിന്റെ ഉൾപ്പെടെ മിക്ക ശുചിമുറി കോംപ്ലക്സുകളിലും നിരക്ക് പ്രദർശിപ്പിച്ചിട്ടുള്ള ബോർഡുകൾ തീർഥാടകർക്ക് കാണാൻ കഴിയാത്ത സ്ഥലത്താണ് സ്ഥാപിച്ചിട്ടുള്ളത്. രാത്രി കാലങ്ങളിൽ ഈ ബോർഡുകൾ മറച്ചു വയ്ക്കുന്നതായും പരാതിയുണ്ട്.
ശുചിമുറി, പാർക്കിങ് മേഖലകളിൽ തീർഥാടകരിൽ നിന്ന് അമിത നിരക്ക് ഈടാക്കിയാൽ പൊലീസ് ഇടപെട്ട് കേസ് എടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. താൽക്കാലിക കടകളിൽനിന്ന് സാധന സാമഗ്രികൾക്ക് അമിത നിരക്ക് വാങ്ങുന്നതായും പരാതിയുണ്ട്. സാംപിൾ സോപ്പ്, പേസ്റ്റ്, ബ്രഷ് എന്നിവയ്ക്ക് പരമാവധി വിൽപനവിലയുടെ ഇരട്ടിത്തുക ഈടാക്കിയത് ചൂണ്ടിക്കാട്ടി തമിഴ്നാട് സ്വദേശികളായ തീർഥാടകർ സമൂഹമാധ്യമങ്ങളിൽ വിഡിയോ പങ്കിട്ടിരുന്നു.


