മുംബൈ: രോഹിത് ശർമയെ വീണ്ടും മുംബൈ ഇന്ത്യൻസിന്റെ നായകനായി നിയമിച്ചതിന് പിന്നാലെ വൈസ് ക്യാപ്റ്റൻ സ്ഥാനവും നിരസിച്ച് ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ. ടീം മാനേജ്‌മെന്റ് മുന്നോട്ടുവെച്ച വൈസ് ക്യാപ്റ്റൻസി വാഗ്ദാനം ബുംറ സ്വന്തം കാരണങ്ങളാൽ സ്നേഹപൂർവം നിരസിക്കുകയായിരുന്നു. രോഹിത് ശർമയെ നായകനായി തീരുമാനിച്ചതിന് പിന്നാലെ ഒക്ടോബർ ആദ്യവാരത്തിലാണ് മുംബൈ മാനേജ്‌മെന്റ് ബുംറയെ സമീപിച്ചത്.
കഴിഞ്ഞ മൂന്ന് ഐപിഎൽ സീസണുകളിലെ നിരാശാജനകമായ പ്രകടനവും ഹാർദിക് പാണ്ഡ്യ ക്യാപ്റ്റനായി എത്തിയതിന് പിന്നാലെ ഡ്രസ്സിംഗ് റൂമിലുണ്ടായ അഭിപ്രായവ്യത്യാസങ്ങളും രോഹിത്തിനെ വീണ്ടും നായകസ്ഥാനത്തേക്ക് കൊണ്ടുവരാൻ ഫ്രാഞ്ചൈസിയെ പ്രേരിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. ഹാർദിക് പാണ്ഡ്യ മുംബൈ വിട്ട് പഞ്ചാബ് കിംഗ്‌സിലേക്ക് മാറുന്ന കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിന് മുമ്പുതന്നെ രോഹിത്തിന് ക്യാപ്റ്റൻസി തിരികെ നൽകാൻ മുംബൈ തീരുമാനിച്ചിരുന്നു.
പുതിയ നായകനെ തിരഞ്ഞെടുക്കുമ്പോൾ ഇന്ത്യയെ ടി20 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച സൂര്യകുമാർ യാദവിനെയും മുംബൈ പരിഗണിച്ചില്ല. ജസ്പ്രീത് ബുംറ, നിലവിലെ ഇന്ത്യൻ ടി20 വൈസ് ക്യാപ്റ്റൻ തിലക് വർമ്മ എന്നിവരും പരിഗണനയിലുണ്ടായിരുന്നില്ല. സൂര്യകുമാറിനെ ഒഴിവാക്കിയതിന് പിന്നിലെ കാരണങ്ങൾ ഫ്രാഞ്ചൈസി വ്യക്തമാക്കിയിട്ടില്ല. അതേസമയം, തിലക് വർമ്മയെ ഭാവിയിലേക്കുള്ള നായകസ്ഥാനത്തേക്ക് വളർത്തിയെടുക്കാനാണ് ടീം ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ടുകൾ.
നിലവിൽ മുംബൈ ഇന്ത്യൻസിന് ഔദ്യോഗിക വൈസ് ക്യാപ്റ്റനില്ല. കഴിഞ്ഞ സീസണിൽ ഹാർദിക് പാണ്ഡ്യയുടെ അഭാവത്തിൽ സൂര്യകുമാർ യാദവും ബുംറയും മാറിമാറി ടീമിനെ നയിച്ചിരുന്നു. ഇത്തവണ ക്യാപ്റ്റൻസി സ്ഥാനത്തേക്ക് പരിഗണിച്ചില്ലെങ്കിലും വൈസ് ക്യാപ്റ്റനായി ചുമതലയേൽക്കാൻ ബുംറയെ ടീം മാനേജ്‌മെന്റ് ക്ഷണിക്കുകയായിരുന്നു.
അതേസമയം, 2026 സീസണിൽ താൽക്കാലികമായി മുംബൈയെ നയിക്കാൻ അവസരം ലഭിച്ചപ്പോൾ ബുംറ നടത്തിയ പരാമർശവും ശ്രദ്ധേയമായിരുന്നു. ‘മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റനാകുന്നതിന് മുമ്പ് ഞാൻ ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനാകുമെന്ന് കരുതിയിരുന്നില്ല’ എന്നായിരുന്നു ബുംറയുടെ പ്രതികരണം.




