ന്യൂഡൽഹി: 2036ലെ സമ്മർ ഒളിമ്പിക്സിനും പാരാലിമ്പിക്സിനും ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ കാഴ്ചപ്പാടും കർമപദ്ധതിയും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ഫ്യൂച്ചർ ഹോസ്റ്റ് കമ്മീഷന് മുന്നിൽ അവതരിപ്പിച്ചു. ഓൺലൈനായി നടന്ന യോഗത്തിൽ ഗുജറാത്തിലെ അഹമ്മദാബാദിനെ പ്രധാന വേദിയായി ഉയർത്തിക്കാട്ടിയാണ് ഇന്ത്യ അവതരണം നടത്തിയത്. കായിക അടിസ്ഥാന സൗകര്യ വികസനവും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പിന്തുണയും അവതരണത്തിൽ വിശദീകരിച്ചു.
അഹമ്മദാബാദിലെ നിലവിലുള്ള കായിക സൗകര്യങ്ങൾ, പുതിയ വേദികൾ വികസിപ്പിക്കുന്നതിനുള്ള പദ്ധതികൾ, അന്താരാഷ്ട്ര കായിക മത്സരങ്ങൾ സംഘടിപ്പിച്ചതിലുള്ള ഇന്ത്യയുടെ മുൻപരിചയം എന്നിവയ്ക്കാണ് അവതരണത്തിൽ പ്രധാന്യം നൽകിയത്. ഒളിമ്പിക്സ് വിജയകരമായി സംഘടിപ്പിക്കുന്നതിനുള്ള ദീർഘകാല കാഴ്ചപ്പാടും ഇന്ത്യ മുന്നോട്ടുവെച്ചു.
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) പ്രസിഡന്റ് പി.ടി. ഉഷ, സി.ഇ.ഒ രഘുറാം അയ്യർ, ഐഒഎ അത്‌ലറ്റ്സ് കമ്മീഷൻ ചെയർപേഴ്സൺ പി.വി. സിന്ധു എന്നിവരടങ്ങിയ സംഘമാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്.
ഐഒസി അംഗം നിത അംബാനി, കേന്ദ്ര കായിക മന്ത്രി മൻസുഖ് മാണ്ഡവ്യ, ഗുജറാത്ത് ഉപമുഖ്യമന്ത്രി ഹർഷ് സംഘവി എന്നിവരും കേന്ദ്ര-ഗുജറാത്ത് സർക്കാരുകളിലെ ഉന്നത ഉദ്യോഗസ്ഥരും അവതരണത്തിൽ പങ്കെടുത്തു.
2036ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ ശ്രമത്തിലെ പ്രധാന ചുവടുവയ്പ്പായാണ് ഐഒസി ഫ്യൂച്ചർ ഹോസ്റ്റ് കമ്മീഷന് മുന്നിലെ അവതരണം വിലയിരുത്തപ്പെടുന്നത്. എന്നാൽ ആതിഥേയ രാജ്യത്തെ സംബന്ധിച്ച അന്തിമ തീരുമാനം ഐഒസിയുടെ നടപടിക്രമങ്ങൾക്കനുസരിച്ചായിരിക്കും.




