തിരുവനന്തപുരം: മാൾ ഓഫ് ട്രാവൻകൂർ ഫ്ലൈഓവറിന് മുൻ വശം സ്കൂട്ടറിൽ നിന്നും തെറിച്ചുവീണ യുവതിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ യുവാക്കൾ മകളെ പിൻതുടർന്ന് അപായപ്പെടുത്താൻ ശ്രമിച്ചെന്ന് പിതാവ്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പത്തരയോടെ നടന്ന സംഭവത്തിൽ ഇതുവരെയും കേസെടുത്തില്ല. പേയാട് ഭാസ്ക്കര പിള്ള നഗർ 468 ഗൗരീശത്തിൽ സതീഷ്കുമാറിന്റെ മകൾ ഗൗരി(23) ആണ് ഗുരുതര പരിക്കേറ്റ് എസ്പി മെഡിഫോർട്ട് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.
യുവതിയെ കോസ്മെറ്റിക് സർജറിക്ക് വിധേയാക്കിയിരുന്നു. മുഖത്ത് 71 തുന്നലുള്ളതായി ആശുപത്രി അധികൃതർ അറിയിച്ചു. കഴക്കൂട്ടം ഭാഗത്ത് നിന്നും ഈഞ്ചക്കൽ ബൈപാസ് വഴി വരികെ മാൾ ഓഫ് ട്രാവൻകൂറിന് മുന്നിൽ വച്ച് സ്കൂട്ടർ തെന്നിവീണാണ് യുവതി അപകടത്തിൽപ്പെട്ടത്. അബോധാവസ്ഥയിലായ ഗൗരിയെ പിന്നാലെ കാറിലെത്തിയ മണക്കാട് സ്വദേശിയാണ് ആശുപത്രിയിലെത്തിച്ച് പിതാവിനെ വിവരമറിയിച്ചത്.
സംഭവം നടന്ന ദിവസം ഗൗരിയെ അജ്ഞാതരായ രണ്ട് യുവാക്കൾ ഫോളോ ചെയ്തു വന്നിരുന്നെന്നും അപായപ്പെടുത്താൻ ശ്രമിച്ചെന്നും ഇതേത്തുടർന്നാണ് സ്കൂട്ടർ തെന്നിവീണതെന്നുമാണ് പിതാവ് വഞ്ചിയൂർ പൊലീസിൽ പരാതി നൽകിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.


