പത്തനംതിട്ട : പി.പി ദിവ്യയുടെ ആരോപണത്തിന് പിന്നാലെ ആത്മഹത്യ ചെയ്ത എഡിഎം നവീന്‍ കുമാറിന്റെ വീട്ടിലെത്തി ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പത്തനംതിട്ടയിലെ വീട്ടില്‍ ഉച്ചക്ക് ഒന്നരയോടെയാണ് ഗവര്‍ണര്‍ എത്തിയത്.
നവീന്‍ ബാബുവിന്റെ ഭാര്യയും മക്കളും അടങ്ങുന്ന കുടുംബാംഗങ്ങളെ അദ്ദേഹം ആശ്വസിപ്പിച്ചു. ഗവര്‍ണരുടെ സന്ദര്‍ശനം ഉണ്ടാവുമെന്ന് കഴിഞ്ഞ ദിവസം രാജ്ഭവന്‍ അറിയിച്ചിരുന്നു.
‘അന്വേഷണത്തില്‍ വിശ്വാസമുണ്ട്. ഇടപെടേണ്ട സാഹചര്യം വന്നാല്‍ ഉറപ്പായും ഇടപെടും. പ്രധാനമായും ഞാനിവിടെ വന്നിരിക്കുന്നത് അവരെ ആശ്വസിപ്പിക്കാനും അനുശോചനം അറിയിക്കാനുമാണ്. അവരുടെ ദു:ഖത്തില്‍ ഞാനും പങ്കുചേരുന്നു.
അവര്‍ക്ക് നഷ്ടപ്പെട്ടത് അവരുടെ കുടുംബനാഥനെയാണ്. അവര്‍ക്കൊപ്പമുണ്ടെന്ന് പറയാന്‍, അവരെ ആശ്വസിപ്പിക്കാനാണ് ഞാനിവിടെ വന്നത്’ -ഗവര്‍ണര്‍ പറഞ്ഞു.
കണ്ണൂര്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് നവീന്‍ ബാബുവിനെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് കണ്ണൂര്‍ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെയായിരുന്നു മരണം.
സംഭവത്തില്‍ ദിവ്യക്കെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തിയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തത്. എന്നാല്‍, പൊലീസ് ദിവ്യയെ ചോദ്യം ചെയ്തിട്ടില്ല. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹരജി വ്യാഴാഴ്ച പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ്.


