തൊടുപുഴ: തൊടുപുഴ സ്മിത ആശുപത്രിയിൽ നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ഉയർന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടരുന്നതിനിടെയാണ് നടപടി.
യുഎൻഎ യൂണിറ്റ് സെക്രട്ടറിയും ആശുപത്രിയിലെ നഴ്സുമായ യുവതിയാണ് ജോലിക്കിടയിൽ ജീവനൊടുക്കാൻ ശ്രമിച്ചത്. ഗുരുതരാവസ്ഥയിൽ യുവതിയെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ചീഫ് നഴ്സിങ് ഓഫീസറും സൂപ്പർവൈസറും ഉൾപ്പെടെയുള്ള ചില ഉദ്യോഗസ്ഥരിൽ നിന്ന് തുടർച്ചയായ മാനസിക പീഡനം നേരിട്ടതിനെ തുടർന്നാണ് യുവതി ഈ കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയതെന്നാണ് ആരോപണം. ഇവർക്കെതിരെ മുൻപും നിരവധി പരാതികൾ ഉയർന്നിരുന്നുവെന്നും ആശുപത്രിയിലെ ജീവനക്കാർ പറയുന്നു.
സംഭവത്തെ തുടർന്ന് യുവമോർച്ചയും ഡിവൈഎഫ്ഐയും ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. പ്രതിഷേധത്തിനിടെ പൊലീസ് ആശുപത്രി അധികൃതരുമായി ചർച്ച നടത്തി. ഇതിന് പിന്നാലെയാണ് ആരോപണവിധേയരായ മൂന്ന് ജീവനക്കാരെ സസ്പെൻഡ് ചെയ്യാൻ മാനേജ്മെന്റ് തീരുമാനിച്ചത്.
ശമ്പളവുമായി ബന്ധപ്പെട്ടും ജോലി സമയക്രമവുമായി ബന്ധപ്പെട്ടും ആശുപത്രിയിൽ ജീവനക്കാർ വിവിധ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും ഇക്കാര്യങ്ങൾ പലതവണ മാനേജ്മെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെന്നും ജീവനക്കാർ ആരോപിച്ചു. എന്നാൽ ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെന്നും അവർ വ്യക്തമാക്കി.
സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ആശുപത്രിയിലെ തൊഴിൽ സാഹചര്യങ്ങളെക്കുറിച്ചുള്ള പരാതികളും പരിശോധിക്കുമെന്നും അധികൃതർ അറിയിച്ചു.






