തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസുകാരൻ അർഷിദിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അമ്മ അഖിലയെയും പങ്കാളി അഷ്‌കറിനെയും കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.
കേസിലെ അന്വേഷണത്തിൽ പുറത്തുവരുന്നത് നടുക്കുന്ന ക്രൂരതയുടെ വിവരങ്ങളാണ്. കുഞ്ഞിന്റെ ശരീരത്തിൽ ആകെ 91 മുറിവുകൾ കണ്ടെത്തിയതായി അന്വേഷണ സംഘം അറിയിച്ചു. ഇതിൽ അമ്പതിലധികം പുറംമുറിവുകളും നാൽപ്പതോളം ആന്തരിക പരിക്കുകളും ഉൾപ്പെടുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ഉണ്ടായ പരിക്കുകളാണിവയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
ചോറ് കൊടുക്കുന്നതിനിടെ കുഞ്ഞ് കരഞ്ഞതിനെ തുടർന്നാണ് മർദിച്ചതെന്നാണ് അഷ്‌കർ പൊലീസിനോട് മൊഴി നൽകിയിരിക്കുന്നത്. കരച്ചിൽ നിർത്താതിരുന്നതോടെ കുഞ്ഞിന്റെ തലയിൽ ശക്തമായി അടിച്ചെന്നും തുടർന്ന് ബോധം നഷ്ടപ്പെട്ടെന്നും ഇയാൾ സമ്മതിച്ചു. കുഞ്ഞിന്റെ തലയ്ക്ക് പിന്നിൽ ഗുരുതര ക്ഷതമേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും വ്യക്തമാക്കിയിട്ടുണ്ട്.
കേസിൽ അമ്മ അഖിലയുടെ പങ്കും പൊലീസ് വിശദമായി പരിശോധിക്കുകയാണ്. കുഞ്ഞിനെ ഉപദ്രവിക്കുന്ന വിവരം അഖിലയ്ക്ക് അറിയാമായിരുന്നുവെന്ന സംശയമാണ് അന്വേഷണ സംഘത്തിനുള്ളത്. മൊഴികളിലെ പൊരുത്തക്കേടുകളും അന്വേഷണത്തിന്റെ ഭാഗമാണ്. കുഞ്ഞിന്റെ കൈ ഒടിഞ്ഞത് അപകടത്തിൽ വീണതുമൂലമല്ലെന്ന നിഗമനവും പൊലീസിനുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. അഖില നൃത്തപരിപാടിക്കായി തമിഴ്നാട്ടിലേക്ക് പോയിരുന്ന സമയത്താണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. ചോറ് കഴിക്കുന്നതിനിടെ ഛർദ്ദിച്ചുവെന്നായിരുന്നു അഷ്‌കറിന്റെ വിശദീകരണം. എന്നാൽ ചോദ്യം ചെയ്യലിൽ കുഞ്ഞിനെ മർദിച്ചതായി ആദ്യം അഖിലയും പിന്നീട് കൊലപ്പെടുത്തിയതായി അഷ്‌കറും സമ്മതിക്കുകയായിരുന്നു.
സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കുട്ടിക്കെതിരായ ക്രൂരതയുടെ മുഴുവൻ സാഹചര്യങ്ങളും പുറത്തുകൊണ്ടുവരാൻ ശ്രമിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.






