പുതിയ സർക്കാരിന്റെ നയപ്രഖ്യാപന വേളയിൽ നടത്തിയ പ്രഖ്യാപനങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ, ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു സ്കൂൾ വിദ്യാർത്ഥിനികൾക്ക് മൂന്ന് ദിവസം ആർത്തവ അവധി നൽകുമെന്നത്. ആദ്യ ദിനം വലിയ കൈയ്യടി നേടിയ പ്രഖ്യാപനം പക്ഷേ അടുത്ത ദിവസം മുതൽ ചെറിയ വിമർശനങ്ങളും നേരിടുകയായിരുന്നു. അതോടെ വിപ്ലവകരമായ ഒരു ചുവടുവെപ്പായിരിക്കുമെന്ന് കരുതി തീരുമാനമെടുത്ത സർക്കാർ ആശയക്കുഴപ്പത്തിലായി നിൽക്കുന്ന അവസ്ഥയാണ് നിലവിൽ.
ആർത്തവം എന്നത് നമ്മുടെ സമൂഹത്തിൽ എക്കാലവും വിവാദമായി നിൽക്കുന്ന വിഷയമാണ്. എത്രയൊക്കെ പുരോഗമനപരമെന്ന് പറയുമ്പോഴും ഈ വിഷയം തുറന്ന് സംസാരിക്കാനുള്ള സാഹചര്യം സമൂഹത്തിൽ ഇന്നുമുണ്ടോ എന്നത് ഒരു ചോദ്യം തന്നെയാണ്. എല്ലാ സ്ത്രീകൾക്കും ആർത്തവ ദിനങ്ങൾ ഒരുപോലെയല്ല. കടുത്ത വയറുവേദന, തലവേദന, അമിത രക്തസ്രാവം, മൂഡ് വ്യതിയാനങ്ങൾ എന്നിവ മൂലം ആ ദിവസങ്ങളിൽ ജോലി ചെയ്യാൻ പോലും കഴിയാതെ ബുദ്ധിമുട്ടുന്ന ലക്ഷക്കണക്കിന് സ്ത്രീകളുണ്ട്. അവർക്ക് തൊഴിലിടങ്ങളിൽ അർഹമായ വിശ്രമം നൽകുക എന്നത് ഒരു ആധുനിക, ജനാധിപത്യ സമൂഹത്തിന്റെ ഉത്തരവാദിത്തമാണ് എന്ന രീതിയിലേക്ക് പുതിയ ലോകം കടക്കുമ്പോഴാണ് വിഡി സതീശൻ സർക്കാരും ഇത്തരമൊരു തീരുമാനത്തിൽ എത്തിയത്.
പക്ഷേ എല്ലാ വിപ്ലവ തീരുമാനങ്ങൾക്കുമെന്ന പോലെ ഇവിടേയും കല്ലുകടികളുണ്ട്. ഭിന്നാഭിപ്രായമാണ് വിഷയത്തിൽ ഉയരുന്നത്. മിക്കവരും പിന്തുണച്ചപ്പോൾ ഈ തീരുമാനത്തിലെ അപാകതകൾ തുറന്ന് കാണിച്ച് രംഗത്ത് വന്നത് സ്ത്രീകൾ തന്നെയാണെന്നതാണ് സവിശേഷത. മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ ശ്രീലേഖയാണ് വിമർശനം ഉന്നയിച്ച ആദ്യ വ്യക്തി. പിന്നാലെ വനിത ലീഗ് നേതാവായിരുന്ന നൂർബിന റഷീദും രംഗത്തെത്തിയതോടെ വിഷയം ചൂട് പിടിച്ചു.
ആർത്തവത്തിൽ ചിലർക്ക് ചില വേദനയും ബുദ്ധിമുട്ടും ഒക്കെ ഉണ്ടാകും. എന്നാൽ ഇപ്പോൾ മാസാമാസം ക്ലാസ്സിൽ പോകാതിരുന്നാൽ വീട്ടുകാരും, വിദ്യാലയവും, നാട്ടുകാരും ഒക്കെ അറിയും എപ്പോഴാണ് ഏതു കുട്ടിക്ക് ആർത്തവം എന്ന്! ഇതാണോ menstrual dignity? നാണക്കേടല്ലേ? എന്നായിരുന്നു ശ്രീലേഖയുടെ ചോദ്യം. പിന്നാലെ വിഷയം ഏറ്റുപിടിച്ച് വനിതാ ലീഗ് മുൻ നേതാവ് നൂർബീന റഷീദും രംഗത്തെത്തി. ആർത്തവ അവധി പെൺകുട്ടികളുടെ സ്വകാര്യതയെ ബാധിക്കുന്ന സാഹചര്യം സൃഷ്ടിച്ചേക്കുമെന്നും അവധി പ്രഖ്യാപിക്കുന്നത് പെൺകുട്ടികളുടെ ആരോഗ്യപ്രശ്നങ്ങളോടുള്ള കരുതലായി കാണാമെങ്കിലും, അത് പ്രായോഗികമായി പെൺകുട്ടികളുടെ സ്വകാര്യതയെ ബാധിക്കുന്ന സാഹചര്യം സൃഷ്ടിക്കാമെന്നും ഇവർ പറയുന്നു. സ്കൂളുകളിലും കോളേജുകളിലും ആർത്തവ അവധി ആവശ്യപ്പെടുകയോ രേഖപ്പെടുത്തുകയോ ചെയ്യുമ്പോൾ ആർത്തവ ദിവസങ്ങൾ പരസ്യമാകാൻ സാധ്യതയുണ്ട്. ഇത് പലകുട്ടികൾക്കും അനാവശ്യമായ മാനസിക അസ്വസ്ഥത ഉണ്ടാക്കിയേക്കാമെന്നാണ് ഇവരുടെ അഭിപ്രായം. കോൺഗ്രസ് നേതാവ് ഉമ തോമസും ഇതേ അഭിപ്രായക്കാരിയാണ്.
പിന്നാലെ മറുപടിയുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദുൽഖിഫിൽ വി പി രംഗത്തെത്തി. ശാസ്ത്രം വളരെ വ്യക്തമായി നിർവ്വചിച്ച ഒരു ജൈവപ്രക്രിയയാണ് ആർത്തവം. ശ്വസിക്കുന്നതോ ദഹനം നടക്കുന്നതോ പോലെ മനുഷ്യവർഗ്ഗത്തിന്റെ നിലനിൽപ്പിന് തന്നെ ആധാരമായ തികച്ചും സ്വാഭാവികമായ ഒന്നിനെയാണ് ഇപ്പോഴും ഒളിച്ചുവെക്കേണ്ട നാണക്കേടായി ഇവർ ചിത്രീകരിക്കുന്നത്. അതിനെയാണ് കേവലമൊരു ‘നാണക്കേടിന്റെ’ പേര് പറഞ്ഞ് ഇവർ എതിർക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. മറച്ചുപിടിക്കാനും ലജ്ജിച്ച് തലതാഴ്ത്താനും മാത്രമുള്ള മാറാവ്യാധിയല്ല ആർത്തവമെന്നാണ് കെഎസ്‍യു സംസ്ഥാന വൈസ് പ്രസിഡൻറ് ആൻ സെബാസ്റ്റ്യൻ പറഞ്ഞത്. പനി വന്നാൽ അവധി എടുക്കാം, പക്ഷേ ചില പെൺകുട്ടികൾക്ക് അതികഠിനമായ ആർത്തവ വേദന ഉണ്ടാകുമ്പോൾ അവധി എടുക്കാനുള്ള അവകാശം നൽകിയാൽ അവർ അബലകളായി പോകും എന്നുപറയുന്നതിൻറെ യുക്തി എന്താണെന്നാണ് ആൻ ചോദിക്കുന്നത്.
പിന്നാലെ ശ്രീലേഖ ചെറുതായൊന്ന് മലക്കം മറിഞ്ഞിട്ടുണ്ട്. ആർത്തവം നാണക്കേടെന്ന് പറഞ്ഞിട്ടില്ലെന്നും സർക്കാരിന്റെ നയത്തെയാണ് നാണക്കേടെന്ന് വിശേഷിപ്പിച്ചതെന്നും ശ്രീലേഖ പറയുന്നു.
ഇങ്ങനെയൊക്കെയാണെങ്കിലും സർക്കാർ വിഷയത്തെ പോസിറ്റീവായി തന്നെയാണ് കാണുന്നത്. ആവശ്യം ഉള്ളവർക്ക് എടുക്കാം എന്നതാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ വിശദീകരിക്കുന്നു. സ്ത്രീകളോടും പെൺകുട്ടികളോടുമുള്ള സർക്കാർ സമീപനം എന്താണെന്ന് വ്യക്തമാക്കുന്നതാണ് പ്രഖ്യാപനം. ആർത്തവ ദിവസങ്ങളിൽ വലിയ പ്രയാസം അുഭവിക്കുന്ന സ്ത്രീകളുണ്ട്. ചിലർക്ക് ബെഡ്ഡിൽ നിന്ന് എഴുന്നേൽക്കാൻ പോലും സാധിക്കില്ല. എന്നാൽ മറ്റ് ചിലർക്ക് സ്മൂത്താകാം. ആവശ്യമുള്ളവർക്ക് വേണ്ടിവന്നാൽ അവധി ഉപയോഗപ്പെടുത്താനുള്ള അവസരം സൃഷ്ടിക്കുക എന്നതാണ് പ്രഖ്യാപനത്തിലൂടെ ഉദ്ദേശിച്ചത് എന്ന് മന്ത്രി വ്യക്തമാക്കി.
എന്തായാലും വിമർശനങ്ങൾക്കിടയിലും പെൺമക്കൾക്കായുള്ള കരുതൽ പ്രഖ്യാപനത്തിൽ ഒതുക്കാതെ തുടർനടപടികളിലേക്ക് കടക്കുകയാണ് സർക്കാർ എന്നത് അഭിനന്ദനാർഹം. ചിട്ടയായും ഫലപ്രദമായും നടപ്പാക്കുകയാണ് ലക്ഷ്യം. പൊതു വിദ്യാഭ്യാസ ഡയറക്ടർ അടുത്തയാഴ്ച ഫീൽഡ് ഓഫീസർമാരുമായി കൂടിക്കാണും. ഡി.ഇ.ഒ മാരുമായും എ.ഇ.ഒ മാരുമായും ഡയറക്ടർ കൂടിക്കാഴ്ച നടത്തും. സ്കൂൾതലത്തിൽ നിന്നും വിദ്യാഭ്യാസ ഉദ്യോഗസ്ഥർ അഭിപ്രായങ്ങൾ ആരായും. അധ്യാപക, വിദ്യാർഥി സംഘടനകളുടെയും അഭിപ്രായങ്ങൾ സ്വീകരിക്കും. അതിന് ശേഷം വിദ്യാഭ്യാസ വകുപ്പ് സർക്കാരുമായി ചർച്ച ചെയ്യും. തുടർന്നാവും പദ്ധതി നടപ്പാക്കുക. ആർത്തവ അവധി നൽകാനുള്ള പ്രഖ്യാപനം വന്നതിന് പിന്നാലെ പെൺകുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ ശുചിമുറി സൗകര്യ ഉൾപ്പെടെ മികച്ച നിലവാരത്തിൽ എത്തിക്കണമെന്ന പൊതു ചർച്ചയും വിദ്യാഭ്യാസ വകുപ്പ് ഗൗരവമായി എടുത്തിട്ടുണ്ട്.






