ന്യൂഡൽഹി: 27 വര്‍ഷങ്ങള്‍ക്ക് ശേഷം ഡല്‍ഹിയില്‍ ഭരണം പിടിച്ച ബിജെപിയുടെ സത്യപ്രതിജ്ഞ ചടങ്ങുകൾ ഉടൻ ഉണ്ടാവുകയില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈയാഴ്ച യുഎസ് സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയതിന് ശേഷം പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് കടക്കാമെന്നാണ് ബിജെപിയുടെ തീരുമാനം. മഹാരാഷ്ട്രയിലേത് പോലെ എന്‍ഡിഎ സഖ്യകക്ഷികളുടെ നേതാക്കളേയും മുഖ്യമന്ത്രിമാരേയുമെല്ലാം ക്ഷണിച്ച് വന്‍ ആഘോഷമാക്കി 27 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഡല്‍ഹി പിടിച്ചടക്കിയത് ആഘോഷമാക്കാനാണ് ബിജെപി നീക്കം.
ഡല്‍ഹി ഫലം ഇന്നലെ പുറത്ത് വന്നതിന് പിന്നാലെ ഇന്ന് അതിഷി മുഖ്യമന്ത്രി സ്ഥാനത്ത് നിന്നുള്ള രാജി ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ആപ്പുമായി നിരന്തര പോരാട്ടം നടത്തിയ ഗവര്‍ണര്‍ വികെ സക്സേന അതിഷിയുടെ രാജി അംഗീകരിച്ചു. 70 സീറ്റുകളില്‍ 22 എണ്ണം മാത്രമാണ് ആപ്പിന് ജയിക്കാന്‍ കഴിഞ്ഞത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 62 സീറ്റുകളുണ്ടായിരുന്ന ഇടത്താണ് ഈ പരാജയം. 48 സീറ്റുകളാണ് ഇക്കുറി ബിജെപി നേടിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 8ല്‍ നിന്നെടുത്ത് നിന്നാണ് ഈ മുന്നേറ്റം.






