നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള പ്രവർത്തനങ്ങൾ മുന്നണികളും പാർട്ടികളും ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണ്. സമീപകാലത്ത് എങ്ങും കേരളം കണ്ടിട്ടില്ലാത്ത കടുത്ത പോരാട്ടം ആകും 2026ൽ നടക്കുക. നിലവിൽ പല ജില്ലകളിലും ഇടതുപക്ഷത്തിന്റെ അധിനിവേശമാണ് ഉള്ളത്. ആ നിലയിൽ മുൻനിരയിലുള്ള ഒരു ജില്ലയാണ് പത്തനംതിട്ട. ജില്ലയിലെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലും ഇടത് എംഎൽഎമാരാണ് വിജയിച്ചു വരുന്നത്.
തിരുവല്ല, റാന്നി, ആറൻമുള, കോന്നി, അടൂർ എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്ന ജില്ലയാണ് പത്തനംതിട്ട. തിരുവല്ല താലൂക്കിൽ ഉൾപ്പെട്ട തിരുവല്ല മുനിസിപ്പാലിറ്റി, കടപ്ര, കവിയൂർ, കുട്ടൂർ, നെടുമ്പ്രം, നിരണം, പെരിങ്ങര എന്നീ പഞ്ചായത്തുകളും മല്ലപ്പള്ളി താലൂക്കിൽ ഉൾപ്പെടുന്ന ആനിക്കാട്, കല്ലൂപ്പാറ, മല്ലപ്പള്ളി, പുരമറ്റം, കുന്നന്താന എന്നീ ഗ്രാമപഞ്ചായത്തുകളും അടങ്ങിയതാണ് തിരുവല്ല നിയമസഭാ മണ്ഡലം. ഇടതുപക്ഷത്തിന് ഭാഗമായ ജനതാദൾ സെക്കുലറിലെ മാത്യു ടി. തോമസാണ് 2006 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. യുഡിഎഫിന്റെ ഭാഗമായി കേരള കോൺഗ്രസ് ആണ് മണ്ഡലത്തിൽ സ്ഥിരമായി മത്സരിക്കാറുള്ളത്.
നെല്ല്, റബർ കർഷകരും പ്രവാസികളുമാണ് വോട്ടർമാരിൽ കൂടുതലും. റബറിന്റെ വിലയിടിവ്, ഗൾഫ് മേഖലയിൽ തൊഴിലവസരം കുറഞ്ഞതോടെയുളള മടങ്ങിവരവ്, നെൽകൃഷിയുടെ പ്രതിസന്ധി, ശുദ്ധജലക്ഷാമം, വന്യമൃഗശല്യം എന്നിവ തിരുവല്ലയിലെ വോട്ടർമാരുടെ നീറുന്ന പ്രശ്നങ്ങളാണ്. ഭരണവിരുദ്ധ തരംഗം കൂടി നിലനിൽക്കുന്ന സാഹചര്യത്തിൽ കേരള കോൺഗ്രസിൽ നിന്നും മികച്ച ഒരു സ്ഥാനാർത്ഥി മത്സരിച്ചാൽ മണ്ഡലത്തിൽ യുഡിഎഫ് വിജയിക്കുന്നതിനുള്ള സാധ്യതകളാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.






