മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ ഗുരുതര ചികിത്സാ പിഴവുണ്ടായതായി പരാതി. നിലമ്പൂർ ചുങ്കത്തറ സ്വദേശിനി 73 വയസ്സുള്ള പാർവതിയുടെ കാലിലെ ഞരമ്പുകൾ മുറിഞ്ഞതായാണ് ആരോപണം.
കാൽവേദനയെ തുടർന്ന് മെയ് 12-നാണ് പാർവതി മഞ്ചേരി മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യനില വഷളായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ കാലിലെ രക്തക്കുഴലിലെ ഒന്നിലധികം ഞരമ്പുകൾ മുറിഞ്ഞതായി കണ്ടെത്തിയതായും, കാലിലേക്കുള്ള രക്തയോട്ടം തടസ്സപ്പെട്ടതായും കുടുംബം ആരോപിക്കുന്നു.
സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരാതി നൽകിയിട്ടുണ്ട്.




