തിരുവനന്തപുരം: ലൈഫ് പദ്ധതി റദ്ദാക്കുമെന്ന യുഡിഎഫ് സർക്കാരിന്റെ മന്ത്രിസഭാ തീരുമാനത്തോടെ അനിശ്ചിതത്വത്തിലായി ആയിരങ്ങളുടെ പ്രതീക്ഷകൾ. തദ്ദേശസ്ഥാപനങ്ങളിൽ വീട് നിർമാണത്തിനുള്ള ഫോമുകൾ വിതരണം ചെയ്യുന്നത് താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. വീടിന്റെ മേൽക്കൂര മാറ്റൽ, വീടിന്റെ അറ്റകുറ്റപ്പണി, ലൈഫ് പദ്ധതിപ്രകാരം വീടിന് സ്ഥലം അനുവദിക്കൽ എന്നിവയ്ക്കുള്ള ഫോമുകൾ മാത്രമാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി ഇപ്പോൾ ലഭിക്കുന്നത്.
ഇതോടെ ലിസ്റ്റിൽ ഉൾപ്പെട്ടവർ ആശങ്കയിലായിരിക്കുകയാണ്. ആദ്യ മന്ത്രിസഭായോഗ തീരുമാനങ്ങളുടെ ഭാഗമായി തന്നെ ലൈഫ് പദ്ധതി റദ്ദാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് ഈ മാറ്റം. മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച് 6,08,475 ഗുണഭോക്‌താക്കളാണ് ലൈഫിൽ വീട് നിർമാണത്തിന് കരാർ ഒപ്പിട്ടത്. 5,00,962 കുടുംബങ്ങൾ വീടുനിർമാണം പൂർത്തിയാക്കി. 1,07,513 വീടുകൾ നിർമാണത്തിന്റെ വിവിധ ഘട്ടത്തിലാണ്.





