തിരുവനന്തപുരം: പേയാട് കാവടിക്കടവിൽ ഒഴുക്കിൽപ്പെട്ട് കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി. കാണാതായ സ്ഥലത്തുനിന്ന് താഴെയായി മുളയിൽ തങ്ങി മുങ്ങിക്കിടന്ന നിലയിലായിരുന്നു മൃതദേഹം. തിരുവനന്തപുരം സ്കൂബ ടീമും കാട്ടാക്കട ഫയർഫോഴ്സ് സംഘവും ചേർന്ന് മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ ഇന്ന് രാവിലെയാണ് മൃതദേഹം കരയ്ക്കെത്തിച്ചത്.
പാങ്ങോട് ക്യാമ്പിലെ സൈനികനും കോഴിക്കോട് സ്വദേശിയുമായ സുജിത് (34) ആണ് ഇന്നലെ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ടത്. സുജിത്തിനൊപ്പം കുളിക്കാനിറങ്ങിയ മറ്റൊരു സൈനികനെയും ഒഴുക്ക് പിടിച്ചെങ്കിലും നാട്ടുകാർ രക്ഷപ്പെടുത്തി. മൂന്ന് സൈനികർക്കൊപ്പമാണ് സുജിത് ഇവിടെ കുളിക്കാനെത്തിയത്. കനത്ത മഴയെ തുടർന്ന് പ്രദേശത്ത് നീരൊഴുക്ക് ശക്തമായിരുന്നു. നിരവധി അപകടങ്ങൾ നടന്നിട്ടുള്ള സ്ഥലമാണ് കാവടിക്കടവ്.
ഇന്നലെ നടത്തിയ തെരച്ചിലിൽ സുജിത്തിനെ കണ്ടെത്താനായിരുന്നില്ല. തുടർന്ന് ഇന്ന് വീണ്ടും തെരച്ചിൽ തുടരുകയായിരുന്നു. വെള്ളത്തിൽ ഏകദേശം 10 അടി താഴ്ന്ന നിലയിലായിരുന്നു മൃതദേഹമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. തിരുവനന്തപുരത്തുനിന്നുള്ള 12 അംഗ സ്കൂബ ടീമും കാട്ടാക്കട ഫയർഫോഴ്സ് യൂണിറ്റും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.






