തിരുവനന്തപുരം: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് രോഗം പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് നിർദേശം നൽകി. നിലവിൽ സംസ്ഥാനത്ത് ഭീഷണി ഇല്ലെങ്കിലും മുൻകരുതൽ നടപടികൾ ശക്തമാക്കണമെന്നാണ് നിർദേശം.
സംസ്ഥാന, ജില്ലാതലങ്ങളിൽ ദ്രുതകർമസേന (RRT) സജ്ജമാക്കണമെന്നും, സംശയാസ്പദ ലക്ഷണങ്ങളുള്ളവർക്കായി ഐസൊലേഷൻ ചികിത്സ ഉറപ്പാക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. കൂടാതെ ആംബുലൻസ് സൗകര്യം, ആരോഗ്യപ്രവർത്തകർക്ക് പരിശീലനം, പിപിഇ കിറ്റുകൾ അടക്കമുള്ള സുരക്ഷാ ഉപകരണങ്ങൾ എന്നിവ ഉറപ്പാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി തിരുവനന്തപുരം, കൊച്ചി, പരിയാരം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. കോവിഡ് കാലത്ത് ഒരുക്കിയ സംവിധാനങ്ങൾ ആവശ്യമായാൽ എബോള നിയന്ത്രണത്തിനായി ഉപയോഗിക്കാമെന്നും അധികൃതർ വ്യക്തമാക്കി.
ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് യാത്ര ചെയ്തെത്തുന്നവരെ നിരീക്ഷിക്കണമെന്നും, രോഗലക്ഷണങ്ങളുള്ളവരിൽ ക്ലസ്റ്റർ രൂപപ്പെടുന്നുണ്ടോ എന്ന് ശ്രദ്ധിക്കണമെന്നും കേന്ദ്ര നിർദേശത്തിൽ പറയുന്നു.






