കൊല്ലം: വ്യാപാര സ്ഥാപനത്തിന്റെ ഷട്ടർ കുത്തിത്തുറന്ന് 23 ലക്ഷം രൂപ കവർന്നതായി പരാതി. കൊല്ലം ജില്ലാ ആശുപത്രി റോഡിലെ സ്റ്റെയിൻസ് ട്രേഡിംഗ് കമ്പനിയാണ് കവർച്ചയ്ക്ക് ഇരയായത്. പുലർച്ചെ 12.45നും 2 മണിക്കും ഇടയിലാണ് സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു. സ്ഥാപനത്തിന്റെ പിൻവശത്തെ ഷട്ടർ കമ്പിപ്പാര ഉപയോഗിച്ച് പൊളിച്ചാണ് മോഷ്ടാക്കൾ അകത്ത് കയറിയത്.
ലോക്കർ തകർത്ത് 20 ലക്ഷം രൂപയും മേശയിൽ സൂക്ഷിച്ചിരുന്ന 3 ലക്ഷം രൂപയും ചേർത്ത് മൊത്തം 23 ലക്ഷം രൂപയാണ് കവർന്നത്. കടയിലെ സിസിടിവി ക്യാമറകളും മോഷ്ടാക്കൾ നശിപ്പിച്ചു. പിപിഇ കിറ്റ് പോലുള്ള വസ്ത്രം ധരിച്ച സംഘം മോഷണം നടത്തുന്നതിന്റെ ദൃശ്യങ്ങൾ ഒരു ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. എന്നാൽ മുഖം വ്യക്തമല്ല.
മലഞ്ചരക്ക് വ്യാപാര സ്ഥാപനമായ ഇവിടെ ദിവസവും ലഭിക്കുന്ന പണം ബാങ്കിൽ അടയ്ക്കുന്നതാണ് പതിവ്. എന്നാൽ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ബാങ്ക് അവധിയായതിനാൽ പണം സ്ഥാപനത്തിൽ തന്നെ സൂക്ഷിച്ചിരുന്നു. ഇതറിയിച്ചാണ് മോഷണം നടന്നതെന്ന് സംശയിക്കുന്നു. സംഭവത്തിൽ ഷട്ടർ, ലോക്കർ, സിസിടിവി എന്നിവ നശിപ്പിച്ചതിലൂടെ കൂടി 25,000 രൂപയുടെ നഷ്ടം ഉണ്ടായതായി ഉടമ പരാതിയിൽ പറഞ്ഞു. കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ആർ. ജഗ്മോഹൻ ദത്തന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




