കൊച്ചി: സിനിമാ പ്രേമികളെ ആവേശത്തിലാക്കി ‘ദൃശ്യം3’, ‘വാഴ2’ ചിത്രങ്ങൾ ഒരേ ദിവസം തിയേറ്ററുകളിലേക്ക്. ഏപ്രിൽ 2നാണ് രണ്ട് ചിത്രവും ഇറങ്ങുന്നത്. മോഹൻലാൽ-ജിത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോൾ എന്ത് സസ്പെൻസാണ് ഇത്തവണ എന്നാണ് ആരാധകരുടെ ചോദ്യം.
ആദ്യഭാഗത്തിൽ ജോർജ്കുട്ടിയുടെ കുടുബത്തിൽ നടക്കുന്ന അപ്രതീക്ഷിത സംഭവങ്ങളും കുടുംബത്തെ സംരക്ഷിക്കാനുള്ള നായകന്റെ നീക്കങ്ങളുമായിരുന്നു പ്രമേയം. ദൃശ്യം 2ൽ അതേ കേസിന്റെ തുടർ അന്വേഷണമായിരുന്നു. എന്നാൽ മൂന്നാം ഭാഗത്തിൽ ഇവരുടെ കുടുബത്തിന്റെ നിലവിലുള്ള അവസ്ഥയാണ് കാണിക്കുന്നതെന്നും ആദ്യ രണ്ടു ഭാഗങ്ങളെ പോലെ സസ്പെൻസ് പ്രതീക്ഷിച്ച് ആരും തീയറ്ററിൽ എത്തരുതെന്നും സംവിധായകൻ വ്യക്തമാക്കിയിരുന്നു.
യുവാക്കളേയും കുടുംബപ്രേക്ഷകരെയും ഒരുപോലെ ചിരിപ്പിച്ച ‘വാഴ’യുടെ രണ്ടാം ഭാഗം ‘വാഴ 2’, വിപിൻ ദാസിന്റെ തിരക്കഥയിൽ എസ് എ സവിൻ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ സോഷ്യൽ മീഡിയയിലെ പ്രിയ താരങ്ങളും അഭിനയിക്കുന്നു. ഹാഷിർ, അഭിൻ ബിനോ, അലൻ ആന്റണി, വിനായക്, ജഗദീഷ്, കോട്ടയം നസീർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ.
ഒരേ ദിവസം രണ്ട് തരത്തിലുള്ള ചിത്രങ്ങൾ എത്തുന്നതോടെ ബോക്സ് ഓഫീസ് ആര് തൂക്കും എന്നതാണ് സിനിമാപ്രമേകിൾ ഉറ്റുനോക്കുന്നത്.






