മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി കോടതി റിസീവർഷിപ്പിൽ ഒരു ചിത്രം റിലീസിന് ഒരുങ്ങുന്നു. രോഷം മാത്യു , നിമിഷ സജയൻ കേന്ദ്ര കഥാപാത്രങ്ങളാകുന്ന സസ്‌പെൻസ് ത്രില്ലർ ചിത്രം ‘ചേര’യാണ് പ്രത്യേക സാഹചര്യത്തിൽ പുറത്തിറങ്ങാൻ പോകുന്നത്.
ലൈൻ ഓഫ് കളേഴ്സ് ബാനറിൽ നിർമാതാവ് എം.സി. അരുണും എൻഎൻജി ഫിലിംസിന്റെ ബാനറിൽ സഹനിർമാതാവ് നിരൂപ് ഗുപ്തയും തമ്മിലുണ്ടായ സാമ്പത്തിക തർക്കത്തെ തുടർന്നാണ് കേസ് കോടതിയിലെത്തിയത്. ഇതോടെയാണ് ചിത്രവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിയന്ത്രിക്കാൻ കോടതി റിസീവറെ നിയമിക്കുന്നതിലേക്ക് കാര്യങ്ങൾ നീങ്ങിയത്. ഇനി ‘ചേര’യുടെ തുടർ നടപടികൾ റിസീവറുടെ മേൽനോട്ടത്തിലായിരിക്കും.
ലൈൻ ഓഫ് കളേഴ്സ്, എൻഎൻജി ഫിലിംസിന്റെ സഹകരണത്തോടെ എം.സി. അരുൺ നിർമ്മിച്ച ചിത്രത്തിന് നിരൂപ് ഗുപ്ത സഹനിർമാതാവാണ്. ലിജിൻ ജോസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അലക്‌സ് ജെ. പുളിക്കൽ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ പൊതുസമ്പർക്ക ചുമതല അജയ് തുണ്ടത്തിലാണ്.
എറണാകുളം അഡീഷണൽ കൊമേഴ്‌സ്യൽ കോടതിയിലെ ജഡ്ജി രശ്മി ബി. ചിറ്റൂർ, അഡ്വക്കേറ്റ് രശ്മി ഗോപാലകൃഷ്ണനെ ചിത്രത്തിന്റെ റിസീവറായി നിയമിച്ചു. എൻഎൻജി ഫിലിംസിന്റെ നിരൂപ് ഗുപ്തയ്ക്കുവേണ്ടി അഭിഭാഷകരായ റെയിൻ കെ. രവിയും ജീമോൻ പി. എബ്രഹാമും കോടതിയിൽ ഹാജരായി.






