അരുവിക്കര:അരുവിക്കര ജലവകുപ്പിന് സമീപത്ത് നിന്ന് കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. രാത്രി 12 മണിയോടെയാണ് സംഭവം. ഈ സമയത്ത് ഇതുവഴി യാത്ര ചെയ്തിരുന്ന ഒരു ബൈക്ക് യാത്രക്കാരനാണ് റോഡിൽ പെരുമ്പാമ്പിനെ കണ്ടത്. തുടർന്ന് ഇയാൾ പാമ്പിനെ നിരീക്ഷിക്കുകയും വനം വകുപ്പിനെ വിവരം അറിയിക്കുകയും ചെയ്തു.വിവരമറിഞ്ഞതിനെ തുടർന്ന് പരുത്തിപ്പള്ളിയിൽ നിന്നുള്ള റാപ്പിഡ് റെസ്‌പോൺസ് ടീം (ആർആർടി) അംഗം ജി.എസ്. റോഷ്നി സ്ഥലത്തെത്തി പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടി. ഏകദേശം 12 അടിയോളം നീളവും 50 കിലോയിലധികം ഭാരവുമുള്ള പെരുമ്പാമ്പിനെ വനം വകുപ്പിന്റെ ആസ്ഥാനത്തേക്ക് മാറ്റി.
അതേസമയം, നേരത്തെ രാമക്കൽമേട്ടിലെ കൃഷിയിടത്തിൽ നിന്നും മറ്റൊരു പെരുമ്പാമ്പിനെയും വനപാലകർ പിടികൂടിയിരുന്നു. പുതുവേലിൽ അംബുജാക്ഷന്റെ വീടിനോട് ചേർന്ന കൃഷിസ്ഥലത്താണ് പാമ്പിനെ കണ്ടെത്തിയത്. 10 കിലോയിലധികം ഭാരമുള്ള പെരുമ്പാമ്പിനെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതിനെ തുടർന്ന്, കല്ലാർ സെക്ഷൻ ഓഫീസിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഇ.എസ്. ഷൈജുവിന്റെ നേതൃത്വത്തിൽ പിടികൂടി. തുടർന്ന് പാമ്പിനെ തമിഴ്നാട് വനമേഖലയിൽ തുറന്നുവിട്ടു.










