Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കാലങ്ങളുടെ കാത്തിരിപ്പ്; ജലപാതയ്ക്ക് ജീവൻ വെക്കുമ്പോൾ…

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സംസ്ഥാന ചരിത്രത്തിലെ അഭിമാന പ്രഖ്യാപനങ്ങളിൽ ഒന്നായിരുന്നു കോവളം-ബേക്കൽ വെസ്റ്റ് കോസ്റ്റ് കനാൽ പാത. കേരളത്തിലെ എന്നല്ല, രാജ്യത്തെ തന്നെ ഉൾനാടൻ ജല​ഗതാ​ഗത രം​ഗത്തെ വിപ്ലവകരമായ പദ്ധതികളിലൊന്നാണിത്. തെക്ക് കോവളം മുതൽ വടക്ക് നീലേശ്വരം വരെ നീണ്ടു കിടക്കുന്ന 590 കിലോമീറ്റർ വെസ്റ്റ് കോസ്റ്റ് കനാൽ ആണ് പദ്ധതിയുടെ പ്രധാന മാർഗം. സംസ്ഥാനത്തെ 11 ജില്ലകളിലൂടെയും നിർദിഷ്ട പാത കടന്നുപോകുന്നണ്ട്. ആ സ്വപ്നത്തിന് പതിയെ ചിറകുകൾ മുളയ്ക്കുകയാണിപ്പോൾ. പദ്ധതിയുടെ ഭാ​ഗമായ ആക്കുളം-ചേറ്റുവ ജലപാതയുടെ ഒന്നാം ഘട്ടം മുഖ്യമന്ത്രി പിണറായി വിജയൻ ഫെബ്രുവരി 26 ന് ഉദ്ഘാടനം ചെയ്യും. കഠിനംകുളം തടാകത്തിൽ സീപ്ലെയിൻ ലാൻഡിങ്ങ് ഉൾപ്പെടെയുള്ള പരിപാടികളോടെയായിരിക്കും ചടങ്ങ്. പാതയുടെ ഭാഗമായുള്ള വർക്കലയിലെ ചിലക്കൂർ തുരങ്കത്തിന്റെ നവീകരണം കേരളത്തിലെ ജലകേന്ദ്രീകൃത ടൂറിസം പ്രവർത്തനങ്ങൾ‌ക്ക് പുത്തനുണർവേകും. കേരളത്തിന്റെ കായലുകളിലെ സീപ്ലെയിൻ പ്രവർത്തനങ്ങളുടെ സാധ്യതകൾ ലോകത്തിന് മുമ്പിൽ പ്രദർശിപ്പിക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.

സംസ്ഥാന സർക്കാരിന്റെയും കൊച്ചിൻ ഇൻറർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെയും (സിയാൽ) സംയുക്ത സംരംഭമായ കേരള വാട്ടർവേയ്സ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (ക്വിൽ) ആണ് വെസ്റ്റ് കോസ്റ്റ് കനാൽ നവീകരണ പദ്ധതി നടപ്പിലാക്കുന്നത്. തിരുവിതാംകൂറിന്റെ എഞ്ചിനീയറിം​ഗ് അത്ഭുതമായ ചിലക്കൂർ തടാകത്തെ ടൂറിസം സ്പോട്ടാക്കി മാറ്റാനും പദ്ധതി സഹായിക്കും. വീഡിയോ മാപ്പിംഗ് സാങ്കേതികവിദ്യയിലൂടെ വിനോദസഞ്ചാരികൾക്ക് ലൈറ്റ് ആൻഡ് സൗണ്ട് ഷോ ദൃശ്യവിരുന്നൊരുക്കുന്ന രാജ്യത്തെ ആദ്യ തുരങ്കപാതയായി ചിലക്കൂർ മാറും. ശ്രീനാരായണ ഗുരുവിൻറെ ജീവിതവും സന്ദേശവും, കേരള ചരിത്രം, ടൂറിസം കേന്ദ്രങ്ങൾ, സാംസ്കാരിക പൈതൃകം തുടങ്ങിയവ പ്രതിപാദിക്കുന്ന അത്യാധുനിക ലൈറ്റ് ആൻഡ് സൗണ്ട് ഷോയാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. 4.5 കോടി രൂപയിലാണ് പദ്ധതി ഒരുങ്ങുന്നത്. ബോട്ട് ജെട്ടിയും ബീച്ച് പാർക്കും ഒരുങ്ങിക്കഴിഞ്ഞു. തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സിലെ വിദ്യാർത്ഥികളും അധ്യാപകരും തയ്യാറാക്കിയ ശ്രീനാരായണ ഗുരുവിൻറെ ഫ്രെയിമുകളെ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ചലിപ്പിക്കുകയാണിവിടെ.

തിരുവനന്തപുരത്തെ ആക്കുളം മുതൽ തൃശ്ശൂരിലെ ചേറ്റുവ വരെയുള്ള 225 കിലോമീറ്റർ വരുന്നതാണ് കമ്മീഷൻ ചെയ്യുന്ന നിർദിഷ്ട ജലപാത. പാതയിലെ വർക്കലയിലെ ചില ഭാഗങ്ങൾ ഒഴികെ ബാക്കിവരുന്ന പ്രദേശങ്ങൾ എല്ലാം സജ്ജമാണെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. കൊച്ചി ആസ്ഥാനമായ സ്റ്റാർട്ടപ്പായ നവാൾട്ട് ഗ്രീൻ മൊബിലിറ്റി ആണ് തുരങ്കത്തിലൂടെയുള്ള യാത്രയ്ക്കായി 20 പേർക്ക് സഞ്ചരിക്കാവുന്ന ഇലക്ട്രിക് ബോട്ട് തയ്യാറാക്കിയിട്ടുള്ളത്. ഉയർന്ന തീവ്രതയുള്ള നാല് ലേസർ പ്രൊജക്ടറുകൾ, നൂതന സൗണ്ട് സിസ്റ്റം, ബാറ്ററി പവർ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. നെടുമ്പാശ്ശേരിയിൽ നിന്നും പുറപ്പെടുന്ന സീപ്ലെയിനിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആക്കുളത്ത് വന്നിറങ്ങുന്ന നിലയിലാണ് പരിപാടികൾ പദ്ധതിയിട്ടിരിക്കുന്നത്.

ഇനി നമുക്കൊന്ന് പുറകോട്ട് തിരിഞ്ഞുനോക്കാം. 2006ലാണ് സംസ്ഥാനത്തെ തെക്ക് നിന്ന് വടക്കോട്ട് ജില്ലകളെ കണക്ട് ചെയ്യിപ്പിച്ച് ഒരു ജലപാത എന്ന ആശയം ഔദ്യോഗികമായി ചർച്ചയിലേക്ക് ഉയർന്നത്. പിന്നീട് നമ്മുടെ നാട്ടിലെ മറ്റെല്ലാ വികസന പദ്ധതികളേയുമെന്ന പോലെ ഇതും വർഷങ്ങളോളും വെള്ളത്തിൽ മുങ്ങിക്കിടക്കുകയായിരുന്നു. പിന്നീട് 2018 ൽ ആണ് പദ്ധതിക്ക് പുതുജീവൻ കൈവരുന്നത്. 2021-22 ൽ, കോവളം മുതൽ ബേക്കൽ വരെയുള്ള കനാലിന്റെ മാസ്റ്റർപ്ലാൻ തയ്യാറാക്കുന്നതിനുള്ള പദ്ധതിക്ക് രൂപം നൽകി. 2023ൽ കിഫ്ബി വഴി 2,556 കോടി രൂപ പദ്ധതിയ്ക്കായി അനുവദിച്ചു. ഭൂമി ഏറ്റെടുക്കൽ, കനാൽ പുനരുജ്ജീവനം, പുനരധിവാസം എന്നിവയുൾപ്പെടെ പ്രവർത്തനങ്ങൾക്കായിരുന്നു പണം. കോവളം മുതൽ ബേക്കൽ വരെയുള്ള ജലപാത 40 മീറ്റർ വീതിയിലും 2.20 മീറ്റർ ആഴത്തിലും വികസിപ്പിക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയിലൂടെ വലിയ തോതിലുള്ള ചരക്ക് നീക്കവും ടൂറിസം വികസനവും സാധ്യമാകും എന്നാണ് പ്രതീക്ഷ.

വാൽക്കഷണം: ലോകത്താകമാനം പരിശോധിച്ചാൽ ഓരോ വികസിത രാജ്യവും ഈ നിലയിലേക്ക് എത്തിയത് തങ്ങളുടെ പ്രകൃതി വിഭവങ്ങളെ വിദ​ഗ്ദമായി ഉപയോ​ഗിച്ചു കൊണ്ട് തന്നെയാണ്. സ്വിറ്റ്സർലൻഡിന് ആൽപ്സും മഞ്ഞുമെന്ന പോലെ, നമ്മുടെ അതേ ഭൂപ്രകൃതിയുള്ള സിം​ഗപ്പൂരും ഇന്തോനേഷ്യയും കടലും പോർട്ടും ഇൻലാൻഡ് വാട്ടർ റിസോഴ്സുകളും ഉപയോ​ഗിച്ചത് പോലെ, എന്തിന്, തൊട്ടയൽപക്കത്തുള്ള ശ്രീലങ്കയും മാലിദ്വീപും തങ്ങളുടെ പ്രകൃതിയെ ടൂറിസത്തിന്റെ അനന്തസാധ്യതകളിലേക്ക് പറിച്ചുനട്ടപോലെ കാലങ്ങൾക്ക് മുമ്പേ ചൈനാക്കാരും റോമാക്കാരും പിന്നെ വാസ്കോഡ ​ഗാമയും വരെ വന്നിറങ്ങിയ, കച്ചവടം നടത്തിയ കേരളത്തിന് ഈ ബുദ്ധി തോന്നാൻ എന്തേ ഇത്രയും വൈകിയത് എന്ന അത്ഭുതം മാത്രം ബാക്കി. ഇത്രയും വാട്ടർ റിസോഴ്സുകൾ വെച്ചിട്ട് നമുക്ക് പറയാൻ ആകെയുണ്ടായിരുന്നത് ആലപ്പുഴയിലെ ഹൗസ് ബോട്ടുകൾ മാത്രമായിരുന്നു. അതെല്ലാം ഇനി മാറും, വാട്ടർ ടൂറിസത്തിന്റെ പുത്തൻ ഹബ്ബായി നമ്മുടെ നാടും മാറും. അല്ലെങ്കിലും വിജയൻ പറഞ്ഞതു പോലെ എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ….

Recent News

Advertisement
WhiteswanTV Footer