പശ്ചിമേഷ്യയിലാകെ യുദ്ധഭീതം കൊടുമ്പിരി കൊള്ളുകയാണ്. യുദ്ധം തുടങ്ങിയ അന്ന് മുതല്‍ ഇറാനുമായി ബന്ധപ്പെട്ട് നമ്മള്‍ സ്ഥിരമായി കേള്‍ക്കുന്ന ചില പേരുകളും സംഭവങ്ങളുമുണ്ട്- ആയത്തുള്ള അലി ഖമനേയി, മകന്‍ മൊജ്തബ ഹൊസൈനി, ഇറാനിയന്‍ വിപ്ലവം, ജിന മഹ്‌സ അമിനി…. അതെ, ഇറാനെന്ന മഹാരാഷ്ട്രത്തിന്റെ ചരിത്രത്തില്‍ തന്റേതായ ഇടം സൃഷ്ടിച്ചെടുത്ത ഒരു 22കാരി പെണ്‍കുട്ടി- ജിന മഹ്‌സ അമിനി. ഇപ്പോള്‍ ഇറാന്‍ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായപ്പോള്‍ വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ് ആ പേരും അതുണ്ടാക്കിയ വിപ്ലവവും. ഒരുപക്ഷേ കഴിഞ്ഞ മൂന്ന് വര്‍ഷത്തിലേറെയായി ഇറാനിലെ തെരുവകളിലും, യൂറോപ്യന്‍ രാജ്യങ്ങളിലുമുള്‍പ്പടെ ലോകത്തെമ്പാടും ഉയരുന്ന പേരും ചിത്രവുമാണിതെന്നും പറയാം.
1979ലെ വിഖ്യാതമായ ഇറാനിയന്‍ വിപ്ലവത്തിന് ശേഷം ആ രാജ്യം കണ്ട ഏറ്റവും വലിയ ജനകീയ പ്രക്ഷോഭങ്ങളിലൊന്നിന് തിരികൊളുത്തിയ സംഭവമാണിത്. ആ രാജ്യത്തെ ഭരണകൂട ഇടപെടലിന്റെ കിരാതമായ നിയമസംവിധാനങ്ങളുടെ ഇരയായിരുന്നു ഈ കുര്‍ദിഷ് പെണ്‍കൊടി. ശിരോവസ്ത്രം ശരിയായ രീതിയില്‍ ധരിച്ചില്ല എന്ന പേരില്‍ ഇറാന്‍ മതകാര്യ പൊലീസ് അറസ്റ്റ് ചെയ്ത മഹ്‌സ അമിനി പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് കുഴഞ്ഞു വീഴുകയും മരണത്തിന് കീഴടങ്ങുകയും ചെയ്തത്. ഇങ്ങനെ ഒരുപാട് സ്ത്രീകള്‍ ആ രാജ്യത്ത് മുന്‍പും അറസ്റ്റിലായിട്ടുണ്ട്. എന്നാല്‍ ഈ മരണം ഒരു വിപ്ലവത്തിന് തന്നെ തിരികൊളുത്തുകയായിരുന്നു- ഇറാനെ ഇളക്കിമറിച്ച ഹിജാബ് വിപ്ലവത്തിന്. തന്റെ കുര്‍ദിഷ് പാരമ്പര്യത്തില്‍ അഭിമാനിച്ചിരുന്ന ഒരാളായിരുന്നു ജിന.
ഷാ ഭരണം അവസാനിപ്പിച്ച് അധികാരം പിടിച്ചെടുത്തവര്‍ ഇറാനെ കടുത്ത ഇസ്ലാമിക് മതരാജ്യമാക്കി മാറ്റി കര്‍ശനമായ നിയന്ത്രണങ്ങള്‍ സ്ത്രീകള്‍ക്ക് മേല്‍ നടപ്പാക്കുകയായിരുന്നു. അധികം വൈകാതെ ഇറാനില്‍ ഹിജാബ് നിര്‍ബന്ധമാമാക്കി. തലമുടി മുഴുവന്‍ മറയ്ക്കണമെന്ന നിയമം കശനമാക്കി. സ്ത്രീകള്‍ അയഞ്ഞ വസ്ത്രങ്ങള്‍ മാത്രമേ ധരിക്കാവൂ. ഇത് ലംഘിക്കുന്നവരെ മതപൊലീസ് അറസ്റ്റ് ചെയ്യുകയും ശിക്ഷാനടപടികള്‍ക്ക് വിധേയാരാക്കുകയും ചെയ്തു.




