ന്യൂഡൽഹി: ന്യൂഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി ചേരിപ്രദേശങ്ങൾ വലിയ കർട്ടനുകളും താൽക്കാലിക മറകളും ഉപയോഗിച്ച് മറച്ചുവെച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്. ബിജെപിയുടെ രാഷ്ട്രീയ കാപട്യം ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് നേതാവ് പവൻ ഖേഡ വിമർശനം ഉന്നയിച്ചത്.
‘എല്ലാ ഹിജാബുകളോടും ബിജെപിക്ക് എതിർപ്പില്ല. മോദിയുടെ പരാജയങ്ങളെ മറച്ചുപിടിക്കുന്ന ഹിജാബാണ് അവർക്ക് ഏറ്റവും പ്രിയപ്പെട്ടത്’ എന്നാണ് ഡൽഹിയിലെ ചേരികൾ പച്ചത്തുണികളും മറകളും ഉപയോഗിച്ച് മറച്ചതിന്റെ വീഡിയോ പങ്കുവെച്ച് പവൻ ഖേഡ എക്സിൽ കുറിച്ചത്.
വിദേശ പ്രതിനിധികൾ സഞ്ചരിക്കുന്ന പ്രധാന പാതകളുടെ ഇരുവശത്തുമുള്ള ദരിദ്രമേഖലകളും ചേരികളും മറയ്ക്കാൻ വലിയ സ്ക്രീനുകളും കർട്ടനുകളും താൽക്കാലിക ബാരിക്കേഡുകളും അധികൃതർ സ്ഥാപിച്ചിട്ടുണ്ട്. രാജ്യത്തെ ജനങ്ങളുടെ യഥാർഥ സാമൂഹിക-സാമ്പത്തിക അവസ്ഥ പരിഹരിക്കുന്നതിന് പകരം വിദേശ പ്രതിനിധികളിൽനിന്ന് ദാരിദ്ര്യം മറച്ചുവെക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്ന് പവൻ ഖേഡ ആരോപിച്ചു.
നേരത്തെ ജി20 ഉച്ചകോടിക്കിടയിലും സമാനമായ രീതിയിൽ ചേരികൾ പച്ച ഷീറ്റുകളും ഫ്ളക്സ് ബോർഡുകളും ഉപയോഗിച്ച് മറച്ച നടപടി വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. രാജ്യത്തിന്റെ യാഥാർഥ്യങ്ങൾ മറച്ചുവെച്ച് കൃത്രിമ പ്രതിച്ഛായ സൃഷ്ടിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിലും പ്രതിഷേധം ശക്തമാണ്.


