ചെന്നൈ: തമിഴ്നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ച് മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന് (ടിവികെ) അപ്രതീക്ഷിത വെല്ലുവിളിയാണ് ഉയർന്നിരിക്കുന്നത്.
പ്രധാന മുന്നണികളിൽ ചേരാതെയാണ് സിപിഎമ്മും സിപിഐയും മത്സരിക്കുന്നത്. സിപിഎം മധുരാന്തകം മണ്ഡലത്തിലും സിപിഐ ധാരാപുരം മണ്ഡലത്തിലും സ്ഥാനാർത്ഥികളെ നിർത്തും. ഈ രണ്ട് മണ്ഡലങ്ങളിലും നേരത്തെ മത്സരിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. സ്ഥാനാർത്ഥികളെ ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അണ്ണാഡിഎംകെ എംഎൽഎമാർ വിജയിച്ച് ഇരുപതാം ദിവസം രാജിവച്ചത് തെറ്റായ നടപടിയാണെന്നും ആരോഗ്യകരമല്ലാത്ത പ്രവണതയാണെന്നും ഇടതുപാർട്ടികൾ വിമർശിച്ചു. രാജിക്ക് മതിയായ ന്യായീകരണമില്ലെന്നും അതിനാൽ ഇപ്പോഴത്തെ ഉപതിരഞ്ഞെടുപ്പ് അടിച്ചേൽപ്പിച്ചതാണെന്നും അവർ ആരോപിച്ചു.
വർഗീയ ശക്തികളെ എതിർക്കുന്നതിനാണ് ടിവികെ സർക്കാരിനെ പിന്തുണച്ചതെന്ന് ഇടതുപാർട്ടികൾ വ്യക്തമാക്കി. ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സർക്കാരിന്റെ നിലനിൽപ്പിന് ഭീഷണിയാകില്ലെന്നും അവർ പറഞ്ഞു. സർക്കാരിന് പുറത്തുനിന്നുള്ള പിന്തുണ തുടരുമെന്നും ഇടതുപാർട്ടികൾ അറിയിച്ചു. ഇടതുപാർട്ടികളുടെ പുതിയ തീരുമാനം ഉപതിരഞ്ഞെടുപ്പ് രംഗത്ത് കൂടുതൽ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.


