തിരുവനന്തപുരം: കിളിമാനൂരിൽ ഹരിതകർമ സേനാംഗത്തിന് സൂര്യാതപമേറ്റു. പഴയകുന്നുമ്മൽ പഞ്ചായത്തിലെ ലതികയ്ക്കാണ് പൊള്ളലേറ്റത്. ടൗണിലെ കടകളിൽ നിന്ന് പ്ലാസ്റ്റിക് ശേഖരിക്കുന്നതിനിടെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം ഉണ്ടായത്. കയ്യിലും കഴുത്തിലും കാലിലും പൊള്ളലേറ്റ ലതികയെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനാൽ ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനാണ് സാധ്യത. മറ്റ് ജില്ലകളിലും സാധാരണയേക്കാൾ കൂടുതൽ ചൂട് അനുഭവപ്പെടും. അതിനാൽ പകൽ സമയങ്ങളിൽ അനാവശ്യമായി പുറത്തിറങ്ങരുതെന്ന് അധികൃതർ അറിയിച്ചു. പകൽ 11 മുതൽ 3 വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി. ആവശ്യമായ വെള്ളം കുടിക്കണമെന്നും വിശ്രമം എടുക്കണമെന്നും നിർദേശം ഉണ്ട്. അതേസമയം, കടുത്ത ചൂടിന് ആശ്വാസമായി മറ്റന്നാൾ മുതൽ സംസ്ഥാനത്ത് വേനൽമഴ ലഭിക്കാനിടയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.




