ചെന്നൈ: കേന്ദ്രസർക്കാർ മുന്നോട്ടുവയ്ക്കുന്ന മണ്ഡല പുനർനിർണയ നടപടിക്കെതിരെ തമിഴ്നാട് നിയമസഭയിൽ പ്രമേയം പാസാക്കി. ലോക്സഭയിലെ ആകെ സീറ്റുകളുടെ എണ്ണം നിലവിലെ 543 ആയി തന്നെ നിലനിർത്തണമെന്നും, നിലവിലുള്ള സീറ്റ് ഘടനയിൽ തന്നെ 2029ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം നടപ്പാക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. മുഖ്യമന്ത്രി സി. ജോസഫ് വിജയ് അവതരിപ്പിച്ച പ്രമേയത്തിന് ഡിഎംകെ, കോൺഗ്രസ്, ഇടതുപക്ഷ പാർട്ടികൾ ഉൾപ്പെടെയുള്ളവർ പിന്തുണ നൽകി. അതേസമയം എഐഎഡിഎംകെ, ബിജെപി, പിഎംകെ തുടങ്ങിയവർ എതിർത്തു.
ജനസംഖ്യാ നിയന്ത്രണത്തിൽ മുന്നിട്ടുനിൽക്കുന്ന തമിഴ്നാട് ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് മണ്ഡല പുനർനിർണയം തിരിച്ചടിയാകുമെന്ന ആശങ്കയാണ് സംസ്ഥാന സർക്കാർ ഉയർത്തുന്നത്. നിലവിലെ ലോക്സഭാ സീറ്റുകളുടെ എണ്ണം കുറയ്ക്കാതെ സംസ്ഥാനങ്ങളുടെ താൽപര്യം സംരക്ഷിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.
2029ലെ തിരഞ്ഞെടുപ്പിൽ തന്നെ സ്ത്രീകൾക്ക് 33 ശതമാനം സംവരണം നടപ്പാക്കണമെന്നും ഇതിനായി മണ്ഡല പുനർനിർണയ നടപടികൾ പൂർത്തിയാകുന്നതുവരെ കാത്തിരിക്കേണ്ടതില്ലെന്നും വിജയ് നിയമസഭയിൽ വ്യക്തമാക്കി. സ്ത്രീ സംവരണം സാമൂഹ്യനീതിയുടെ വിഷയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, ലോക്സഭാ സീറ്റുകളുടെ എണ്ണം 543ൽ നിന്ന് ഉയർത്തുകയും മണ്ഡല പുനർനിർണയത്തിലൂടെ സീറ്റുകളുടെ വിതരണം പുനഃക്രമീകരിക്കുകയും ചെയ്യാനുള്ള കേന്ദ്രനീക്കത്തിനെതിരെയാണ് തമിഴ്നാട്ടിലെ രാഷ്ട്രീയ ചർച്ചകൾ ശക്തമായത്.




