തിരുവനന്തപുരം: കോഴിക്കോട് ഇരിങ്ങല്ലൂർ സ്വദേശി അതുൽ (26) തിരുവനന്തപുരം തുമ്പയിൽ ഉണ്ടായ അപകടത്തിൽ മരിച്ചു. വി.എസ്.എസ്.സി.യിൽ ഗവേഷണ വിദ്യാർത്ഥിയായിരുന്ന അതുൽ, അമ്മ ജിഷയോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെയാണ് ദാരുണമായ അപകടം സംഭവിച്ചത്. ജിഷ ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ രാത്രി തുമ്പ ശാന്തിനഗർ മാർക്കറ്റിന് സമീപം നെഹ്റു ജംഗ്ഷൻ ഭാഗത്തേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. സ്കൂട്ടറിന് മുന്നിലേക്ക് പെട്ടെന്ന് തെരുവുനായ ചാടിയെത്തുകയായിരുന്നു. നായയെ ഇടിച്ചതോടെ നിയന്ത്രണം നഷ്ടപ്പെട്ട സ്കൂട്ടർ മറിഞ്ഞ് ഇരുവരും റോഡിലേക്ക് വീണു.
വീഴ്ചയുടെ ആഘാതത്തിൽ അതുലിന്റെ തലക്ക് ഗുരുതരമായി പരിക്കേറ്റു. നാട്ടുകാരും പൊലീസും ചേർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ പരിക്കേറ്റ അമ്മ ജിഷയുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഗവേഷണ പ്രവർത്തനങ്ങളുടെ ഭാഗമായി അതുൽ തിരുവനന്തപുരം തുമ്പയിൽ താമസിച്ചുവരികയായിരുന്നു.






