തിരുവനന്തപുരം: വിഴിഞ്ഞത്ത് ബാറിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ സംഘം ചേർന്ന് മർദിച്ച് കൊലപ്പെടുത്തി. തിരുവല്ലം വണ്ടിത്തടം പാലപുരിൽ വാടകയ്ക്ക് താമസിക്കുന്ന സുമൻ (38) ആണ് കൊല്ലപ്പെട്ടത്.
വിഷു ആഘോഷവുമായി ബന്ധപ്പെട് ചൊവ്വാഴ്ച രാത്രി 11 ഓടെ ഇവർ ബാറിലെത്തിയതായിരുന്നു. തുടർന്ന് മദ്യപാനത്തിനിടെ പരസ്പരം തർക്കത്തിലേർപ്പെട്ടു. തുടർന്ന് ബാറിന് പുറത്തേക്ക് ഇറങ്ങിയ ശേഷം സുമനെ മൂന്നംഗ സംഘം ചേർന്ന് ക്രൂരമായി മർദിക്കുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുമൻ റോഡിൽ അബോധാവസ്ഥയിലായതിനെ തുടർന്ന് വിഴിഞ്ഞം പോലീസ് സ്ഥലത്തെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന്റെ അതിക്രൂര ദൃശ്യങ്ങൾ സമീപത്തുകൂടി കടന്നുപോയ കാറിലെ യാത്രക്കാരൻ പകർത്തിയതായി പോലീസ് പറഞ്ഞു.
നെഞ്ചിലും മുഖത്തും തുടർച്ചയായി ചവിട്ടുന്നതും കഴുത്തിൽ പിടിച്ച് ശ്വാസംമുട്ടിക്കുന്നതും തലയ്ക്ക് നിരന്തരം മർദിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. “വീഡിയോ എടുക്കരുത്” എന്ന് മർദിക്കുന്നവരിൽ ഒരാൾ പറയുന്നതും വീഡിയോയിൽ കാണുന്നു.
സംഭവത്തിൽ നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അച്ചു എസ്. ബാബു, സൂരജിത്ത്, അനന്ദു കൃഷ്ണപ്രസാദ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഫോർട്ട് അസി. കമ്മീഷണറുടെ നേതൃത്വത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുന്നു. ബാറിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്. സുമന്റെ മൃതദേഹം ആശുപത്രിയിലാണ്.




