കോഴിക്കോട്: ജില്ലയിലെ മുക്കം നീലേശ്വരത്ത് പ്രവർത്തിക്കുന്ന ഹോട്ടലിൽ നിന്ന് മൊബൈൽ ഫോണുകൾ മോഷ്ടിച്ച് കടന്നുകളഞ്ഞ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പുളിക്കല്‍ അഭിഷേകിനെയാണ്(22) ആണ്. ഇടുക്കി ജില്ലയിലെ കട്ടപ്പന സ്വദേശിയായ ഇയാൾ, നീലേശ്വരത്ത് പ്രവർത്തിക്കുന്ന എം.ആര്.എസ് ഒലീവ് കിച്ചന് എന്ന കുഴിമന്തി കടയിൽ ജോലിക്കായി എത്തിയതായിരുന്നു.
കഴിഞ്ഞ ഡിസംബർ 5-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജോലിയിൽ പ്രവേശിച്ച ആദ്യ ദിവസം തന്നെ കടയിലെ ക്യാഷ് കൗണ്ടറിൽ സൂക്ഷിച്ചിരുന്ന ഏകദേശം 25,000 രൂപ വിലവരുന്ന രണ്ട് മൊബൈൽ ഫോണുകളുമായി ഇയാൾ കടന്നുകളഞ്ഞുവെന്നാണ് പരാതി.
ഫോണുകൾ നഷ്ടമായ വിവരം ശ്രദ്ധയിൽപ്പെട്ടതോടെ കടയുടമ മുക്കം പോലീസില്‍ പരാതി നൽകി. തുടർന്ന് പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ഇടുക്കിയിലെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. എസ്.ഐ ശ്രീരാഗിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് നടത്തിയത്.






